
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളെ ഒഴിവാക്കി ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി. ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ് , കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ ഇല്ലാതെയാണ് പട്ടിക. സുരേന്ദ്രനായുള്ള ആര്‍.എസ്.എസ് സമ്മര്‍ദം തള്ളി പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയാണ് പട്ടികയില്‍ ഇടം നേടിയത് .ശബരിമല പ്രക്ഷോഭം നടന്ന പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി ആകട്ടെ എന്ന നിലപാടാണ് ആര്‍.എസ്.എസ് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നത് .

ആറ്റിങ്ങലില്‍ കെ. സുരേന്ദ്രന്‍, കൊല്ലത്ത് കണ്ണന്താനം , കണ്ണൂരില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ആണ് പരിഗണിക്കുന്നത് എങ്കിലും ഇഷ്ട സീറ്റില്ലാത്തതിനാല്‍ മത്സരിക്കാനില്ല എന്ന നിലപാട് തുടരുന്നതിനാല്‍ ചര്‍ച്ച നടത്തും. പത്തനംതിട്ടയോ തൃശൂരോ ഇല്ലാത്തതിനാല്‍ സുരേന്ദ്രനും പത്തനംതിട്ട ലഭിക്കാത്തതിനാല്‍ എം.ടി രമേഷും കണ്ണന്താനവും പാലക്കാട് ലഭിക്കാത്ത ശോഭാ സുരേന്ദ്രനും മത്സരിക്കാനില്ല എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കേരളത്തിലെ ബി. ജെ. പിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നൽകിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും.
ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്:
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
പത്തനംതിട്ട: പി. എസ് ശ്രീധരൻ പിള്ള
എറണാകുളം: ടോം വടക്കൻ
ആലപ്പുഴ: കെ. എസ് രാധാകൃഷ്ണൻ
ചാലക്കുടി: എ. എൻ രാധാകൃഷ്ണൻ
പാലക്കാട്: കൃഷ്ണകുമാർ
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: ഉണ്ണികൃഷ്ണൻ
പൊന്നാനി: വി. ടി രമ
വടകര: സജീവൻ
കാസർകോട്: പ്രകാശ് ബാബു
