ആര്‍.എസ്.എസ് വഴിയേ കോണ്‍ഗ്രസും; രാജ്യമാകെ പ്രാദേശിക കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രം, ഈ മാസം തന്നെ ആര്‍.എസ്.എസ് മാതൃകയില്‍ ​പ്രേരക്​മാരെ നിയമിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസ് വഴിയേ കോണ്‍ഗ്രസും; രാജ്യമാകെ പ്രാദേശിക കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രം, ഈ മാസം തന്നെ ആര്‍.എസ്.എസ് മാതൃകയില്‍ ​പ്രേരക്​മാരെ നിയമിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ ശേഷം സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോൺഗ്രസ്​ ആർ.എസ്​.എസ്​ മാതൃക സ്വീകരിക്കാനൊരുങ്ങുന്നു. ​പ്രേരക്​മാരെ നിയമിച്ച്​ പാർട്ടി പ്രവർത്തനം താഴേ തട്ടിലെത്തിക്കാനാണ്​ നീക്കം. ഇതിനായി സംഘടനാസംവിധാനം ആർ.എസ്​.എസ്​ മാതൃകയിലേക്ക്​ ഉടച്ചുവാർക്കും. കഴിഞ്ഞ മൂന്നിന്​ ചേർന്ന യോഗത്തിൽ അസമിൽ നിന്നുള്ള കോൺഗ്രസ്​ നേതാവ്​ തരുൺ ഗൊഗോയ്​ ആണ്​ ഈ ആശയം മുന്നോട്ടുവെച്ചത്​. മറ്റ്​ അംഗങ്ങൾ ഇതി​നെ പിന്താങ്ങുകയായിരുന്നു.

അഞ്ച്​ ജില്ലകളടങ്ങിയ ഒരു ഡിവിഷന്​ മൂന്ന്​ പ്രേരക്​മാർ ആയിരിക്കും ഉണ്ടാവുക. ഈ പ്രേരക്​മാർ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കും. ഈ മാസം തന്നെ പ്രേരക്​മാരെ നിയമിക്കാൻ പി.സി.സികൾക്ക്​ അഖിലേന്ത്യാ കോൺഗ്രസ്​ കമ്മറ്റി നിര്‍ദ്ദേശം നൽകി. മൂന്ന് മാസത്തോളം പ്രേരക്മാരുടെ പ്രവര്‍ത്തനം കടുത്ത നിരീക്ഷണത്തിലാകും അത് കഴിഞ്ഞിട്ടാകും അവരെ സ്ഥിരപ്പെടുത്തുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ എല്ലാമാസവും അവലോകനങ്ങളും നടത്തും.

പ്രേരക്മാരാകാന്‍ അനുയോജ്യമായവരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന കമ്മിറ്റികളോട് എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 12-ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍,സംസ്ഥാന ചുമതലയുള്ള നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിവരുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളുണ്ടാകും.

പാർട്ടിയെ കുറിച്ച്​ നല്ല ധാരണയുള്ള ആളുകളെ മാത്രമായിരിക്കും പ്രേരക്​മാരാക്കി നിയമിക്കുക.പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും പ്രവര്‍ത്തകരെ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുകയാണ് പ്രേരക്മാരുടെ പ്രധാന ദൗത്യം. താഴെ തട്ടില്‍ ജനങ്ങളുമായി ഇടപഴകാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കുകയും ഇവരുടെ ദൗത്യത്തില്‍പ്പെട്ടതാണ്. നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമാകുന്നതിന് ആര്‍.എസ്.എസ് പ്രേരക്മാര്‍ക്ക് വിലക്കുണ്ട് . എന്നാല്‍ കോണ്‍ഗ്രസ് നിയമിക്കുന്ന പ്രേരക്മാര്‍ക്ക് അത്തരത്തില്‍ വിലക്കുണ്ടാവില്ല.

0Shares