ആരോടും അമിത സ്‌നേഹമോ അസാധ്യ വിരോധമോ ഇല്ല, അതിനാല്‍ ഉടന്‍ യു.ഡി.എഫിലേക്കില്ല: കെ.എം മാണി.

  • Post category:news
  • Reading time:1 min read
You are currently viewing ആരോടും അമിത സ്‌നേഹമോ അസാധ്യ വിരോധമോ ഇല്ല, അതിനാല്‍ ഉടന്‍ യു.ഡി.എഫിലേക്കില്ല: കെ.എം മാണി.

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്(എം) യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്നും കെ.എം മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഗുണം ചെയ്തുവെന്നും അദ്ദേഹം തിരിച്ചു വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും എം.എം ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ ബാര്‍കോഴക്കേസില്‍ മാണിയെ കുടുക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടിയെയും നേതാക്കളെയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചുവെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് മൂന്ന് പതീറ്റാണ്ടിലേറെ നീണ്ട യു.ഡി.എഫ് ബന്ധം കേരളാ കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചത്.

ഉടന്‍ യു.ഡി.എഫിലേക്ക് തിരിച്ചു വരില്ലെന്നും ആരോടും അമിത സ്‌നേഹമോ അസാധ്യ വിരോധമോ ഇല്ല എന്നും കെ.എം മാണി അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് പിന്തുണ നല്‍കിയതുമുതല്‍ കെ.എം. മാണി യു.ഡി.എഫിലേക്ക് തിരികെ വരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കെ.എംമാണിക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ ക്ഷണമുണ്ടായിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് മാണി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണിഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു.

0Shares