കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെയാണ് ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തത്. രാവിലെ നടത്തിയ പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബിഷപ്പിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആറ് മണിക്കൂറോളം തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ബിഷപ്പ്. ഇന്ന് രാവിലെ പരിശോധനകള്‍ നടത്തിയപ്പോള്‍ ബിഷപ്പിന് കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആവുകയും ചെയ്തു. ഇ.സി.ജിയിലെ നേരിയ വ്യതിയാനം കാര്യമാക്കേണ്ടതില്ലെന്നും ഹൃദയാഘാത സാദ്ധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങളില്ല, ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു