കാഞ്ഞങ്ങാട്: ഒരു കാലത്ത് വികസനത്തില്‍ പിന്നാക്കമായിരുന്ന അമ്പലത്തറ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് സ്മാര്‍ട്ടാവുകയാണ്. പഠന നിലവാരത്തില്‍ മുന്നിട്ടു നിന്നിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബഹുദൂരം പിന്നിലായിരുന്നു അഞ്ചുവര്‍ഷം മുന്‍പുവരെ സ്‌കൂള്‍. സ്‌കൂളിലെ പി.ടി.എ കമ്മിറ്റിയും വികസന സമിതിയും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും കൈകോര്‍ത്തു നിന്നതോടെ സ്‌കൂളിന്റെ മുഖച്ഛായ മാറി. 12 ലക്ഷം രൂപ ചെലവിട്ടു മനോഹരമായ ജൈവവൈവിധ്യ പാര്‍ക്ക് സ്‌കൂള്‍ മുറ്റത്ത് ഒരുങ്ങി. കൂടാതെ വായനാമുറി, പ്രീപ്രൈമറി എല്‍പി ക്ലാസുകളുടെ നവീകരണം, ഇതിനു പുറമെ വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങളാണു നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ നടപ്പിലാക്കിയത്. വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയം ജൈവവൈവിധ്യ പാര്‍ക്ക് തന്നെ. 20 സെന്റ് സ്ഥലത്ത് വിവിധ ഔഷധ ചെടികള്‍ക്കൊപ്പം മനോഹരമായ പാര്‍ക്കാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് പാര്‍ക്കിനു മാത്രമായി ചെലവഴിച്ചത്. പാര്‍ക്കില്‍ സെമിനാര്‍ നടത്താനുള്ള സൗകര്യം വരെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കുളം വായന കോര്‍ണര്‍, ഇരിപ്പിടങ്ങള്‍ എന്നിവയും പെടുന്നു.
സ്‌കൂളിലെ വിവിധ ബാച്ചുകളില്‍പെട്ട പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മകള്‍ ചേര്‍ന്നാണ് പാര്‍ക്കിനാവശ്യമായ പണം സ്വരൂപിച്ചത്. ഇതിനു പുറമെ പ്രവാസികളുടെ പാസ് എന്ന സംഘടന മൂന്നു ലക്ഷം രൂപ ചെലവിട്ട് പ്രൈമറി ക്ലാസുകള്‍ ഹൈടെക് ആക്കിമാറ്റി. സ്‌കൂളിലെ അധ്യാപകനായിരുന്ന ദിലീപിന്റെ സ്മരണയ്ക്കായി ഗേറ്റും മറ്റൊരു ബാച്ചിന്റെ നേതൃത്വത്തില്‍ ഒരുക്കി. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിനു കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ അധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ‘പ്രസാദം’പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും 19നു സ്‌കൂളില്‍ നടക്കുമെന്നു പ്രധാനാധ്യാപകനായ എം.പി പത്മനാഭന്‍, വികസന സമിതി ചെയര്‍മാന്‍ വി.കൃഷ്ണന്‍, അംഗം എ.വി.കുഞ്ഞമ്പു, സ്റ്റാഫ് സെക്രട്ടറി പി.ശാരദ, അഅധ്യാപകരായ ഷൈജു ഫിലിപ്, പി.വേലായുധന്‍, അഭിലാഷ് ബാബു, പി.എം.ബാബുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആരേയും ആകര്‍ഷിക്കുന്ന മനോഹരമായ ജൈവവൈവിധ്യ പാര്‍ക്കുമായി അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍