ആരു ഭരിച്ചാലും നിരപരാധികളെ പോലീസ് ചവിട്ടിക്കൊല്ലും എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് യു.പി.യിലേയും കേരളത്തിലേയും കസ്റ്റഡിമരണങ്ങള്‍; ഇക്കാര്യത്തില്‍ ആദിത്യനാഥിനും പിണറായിക്കും ഒരേ ഭാഷ

  • Post category:news
  • Reading time:2 mins read
You are currently viewing ആരു ഭരിച്ചാലും നിരപരാധികളെ പോലീസ് ചവിട്ടിക്കൊല്ലും എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് യു.പി.യിലേയും കേരളത്തിലേയും കസ്റ്റഡിമരണങ്ങള്‍; ഇക്കാര്യത്തില്‍ ആദിത്യനാഥിനും പിണറായിക്കും ഒരേ ഭാഷ

എസ്.ജഗദീഷ് ബാബു

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ വാരാപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ച ദിവസം തന്നെയാണ് യു.പി.യിലേയും കസ്റ്റഡി മരണം. യു.പി.യില്‍ 6 പോലീസുകാരെ സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത് മൂന്ന് പോലീസുകാരാണ്. കസ്റ്റഡിമരണത്തില്‍ മാത്രമല്ല സാമ്യം. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും യു.പി. മുഖ്യമന്ത്രി യോഗിയും കസ്റ്റഡിമരണത്തെക്കുറിച്ച് ഒരുപോലെ മൗനത്തിലാണ്.

അടിയന്തരാവസ്ഥകാലത്ത് പോലീസിന്‍റെ ക്രൂര മര്‍ദ്ദനമേറ്റ് കാല് തകര്‍ന്ന് പോയ നേതാവാണ് മുഖ്യമന്ത്രി പിണറായി. എന്നിട്ട് പോലും കസ്റ്റഡിമരണത്തെ പരസ്യമായി തള്ളിപ്പറയാനും കുറ്റക്കാരെ ശിക്ഷിക്കുമെന്ന് പറയാനും പിണറായി മൂന്ന് ദിവസം കഴിഞ്ഞിട്ടും തയ്യാറായിട്ടില്ല. യു.പി.യിലെ പീഡിപ്പിക്കപ്പെട്ട യുവതിയുടെ പിതാവും വയറ്റിലേറ്റ ചവിട്ടിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ മരിച്ചത്. കേരളത്തിലെ കസ്റ്റഡി മരണത്തിലും യുവാവിനെ അടിവയറ്റിനാണ് ചവിട്ടേറ്റത്. പോലീസ് മര്‍ദ്ദനത്തില്‍ കിഡ്‌നിയും കരളും ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ പലതും തകര്‍ന്നതായിട്ടാണ് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

ആള് മാറിയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന പരാതി പരിശോധിക്കുമെന്നാണ് ഡി.ജി.പി. ബഹ്‌റ പ്രസ്താവിച്ചത്. ചുട്ടുപൊള്ളുന്ന വെയിലത്ത് കോട്ടും ഓവര്‍കോട്ടും ധരിച്ചുകൊണ്ടാണ് ഡി.ജി.പി. മുറി മലയാളത്തില്‍ ശ്രീജിത്തിന്‍റെ മരണത്തെക്കുറിച്ച് ലാഘവത്തോടെ പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ ഉനോയിയില്‍ എം.എല്‍.എ. ആയ ബി.ജെ.പി. നേതാവ് കുല്‍ദിപ് സിംഗും കൂട്ടരും ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ഒരു കൊല്ലമായിട്ടും നടപടി ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും എം.എല്‍.എ.യെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മകളും അച്ഛനും മുഖ്യമന്ത്രിയുടെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

അറസ്റ്റ് ചെയ്ത് നീക്കിയ പിതാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിനിടയില്‍ മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയ യുവതി എം.എല്‍.എ.യ്ക്ക് എതിരെ മൊഴി പറഞ്ഞപ്പോള്‍ മജിസ്‌ട്രേറ്റ് മുറി പൂട്ടിയിട്ട് യുവതിയെ ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. യു.പി.യിലേയും കേരളത്തിലേയും കസ്റ്റഡിമരണങ്ങളില്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ബി.ജെ.പി. മുഖ്യമന്ത്രിയും സമാനമായ നിലപാട് സ്വീകരിക്കുന്നത് അത്ഭുതകരമാണ്. യു.പി.യിലെ സംഭവത്തില്‍ പ്രതിപക്ഷങ്ങളെല്ലാം ശക്തമായ പ്രക്ഷോഭത്തിലാണ്. കേരളത്തിലാകട്ടെ ബി.ജെ.പി.യുടെ നേതൃത്വത്തിലാണ് കസ്റ്റഡിമരണത്തിനെതിരെ ബന്ദും സമരവും നടക്കുന്നത്.

ശ്രീജിത്തിന്‍റെ മരണം കഴിഞ്ഞ് മൂന്നാം ദിവസവും കൊലപാതകത്തിന് കേസെടുക്കാത്ത നിയമനടപടി തെറ്റാണെന്ന് ബി.ജെ.പി. നേതാവ് അഡ്വ. ശ്രീധരന്‍ പിള്ള പറഞ്ഞു. യു.പി.യിലെ കസ്റ്റഡിമരണത്തിലും കര്‍ശന നടപടി എടുക്കണമെന്നാണ് ശ്രീധരന്‍പിള്ള ചാനല്‍ചര്‍ച്ചയില്‍ പ്രതികരിച്ചത്. ആരു ഭരിച്ചാലും നിരപരാധികളെ പോലീസ് ചവിട്ടിക്കൊല്ലും എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് യു.പി.യിലേയും കേരളത്തിലേയും കസ്റ്റഡിമരണങ്ങള്‍. മുഖ്യമന്ത്രിമാര്‍ ബി.ജെ.പി. ആയാലും സി.പി.എമ്മായാലും പോലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും ഈ രണ്ട് സംഭവങ്ങളും തെളിയിക്കുന്നു.

0Shares