
മക്കള്‍ പെരുവഴിയിലുപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്തകള്‍ നിറഞ്ഞ പത്രത്താളുകളാണ് ഓരോ പ്രഭാതത്തിലും നമ്മെ വരവേല്‍ക്കുന്നത്. വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ്. നമുക്ക് വേണ്ടി വഴിവെളിച്ചം പകർന്നു തന്ന് ജീവിതസായാഹ്നത്തിലെത്തിയ വൃദ്ധജനങ്ങളെ കരുണയോടും കരുതലോടും കൂടി കാണേണ്ടത് നമ്മുടെ കർത്തവ്യം കൂടിയാണ് . തലമുറകളുടെ വിടവ് അവർക്ക് ദുരിതം സമ്മാനിക്കാതെ നോക്കേണ്ടതും ആവശ്യമാണ് . സമൂഹത്തിന് അവർ നൽകിയ സ്നേഹവും സേവനവും നമുക്കീ ദിനത്തിൽ ഓർമ്മിക്കാം
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്. 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതി 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.
നമ്മുടെ നാളെ വയോധികര്‍ പറയുന്നത് എന്ന സന്ദേശം ഉള്‍ക്കൊണ്ട് നമ്മുടെ കാപട്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാകണം ഈ ദിനാചരണം. പ്രസംഗങ്ങളിലും സെമിനാറുകളിലും മാത്രമായി ഈ ദിനാചരണം ഒതുങ്ങാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ബാല്യത്തിലേക്കുളള മടക്കയാത്രയാണ് വാര്‍ധക്യമെന്നാണ് പറയുന്നത്. കൂടുതല്‍ കരുതലും ശ്രദ്ധയും ആവശ്യമുണ്ടവര്‍ക്ക്.
ആരറിയുന്നു പ്രായമായവരുടെ നൊമ്പരങ്ങള്‍….! പ്രായമായവരെ ബഹുമാനിക്കുക, സഹായിക്കുക, ആദരിക്കുക, സ്നേഹിക്കുക…! ഇനിയൊരിക്കലും വൃദ്ധസദനങ്ങളില്‍ കണ്ണുനീര്‍ തളം കെട്ടികിടക്കാതിരിക്കട്ടെ ! അവിടേനിന്നിനിയൊരിക്കലും നെടുവീര്‍പ്പുകളുയരാതിരിക്കട്ടെ !
ഈ വഴിനടന്നു നാം നാളെ ആ തീരത്തണയേണ്ടവരാണെന്നോര്‍ക്കുക.
