കാസർകോട്: കേരള സാംസ്‌കാരിക വകുപ്പ് ആദ്യമായി ഏർപ്പെടുത്തിയ ആയിരം യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ കാസർകോട് ജില്ലയിൽ നിന്നും മുപ്പത്തിയഞ്ച് പേരെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്ററും നാടക- സിനിമാ പ്രവർത്തകനുമായ മണി പ്രസാദ് അറിയിച്ചു. നാടകം, ചിത്രകല, സംഗീതം, മോഹിനിയാട്ടം, തിരുവാതിര, തെയ്യം, പൂരക്കളി, അപ്ലൈഡ് ആർട്, ഫോട്ടോഗ്രാഫി, മറത്തുകളി, നാടൻപാട്ട് തുടങ്ങിയ വിഭാഗങ്ങളിലെ കലാകാരന്മാർക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.
അംഗീകൃത അക്കാദമിക് യോഗ്യതകളും മുപ്പത്തഞ്ച് വയസിന് താഴെ പ്രായവുമാണ് ഫെലോഷിപ്പിന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നാടൻ കലകൾക്ക് ഉയർന്ന പ്രായപരിധി നാൽപത് വയസും പ്രവൃത്തി പരിചയവുമാണ്. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ എന്നീ തലങ്ങളിൽ നാല് കലാകാരന്മാർ വീതം രണ്ടുവർഷം പ്രവർത്തിക്കണം. സ്കൂൾ വിദ്യാർത്ഥികൾക്കും സന്നദ്ധ സംഘടന പ്രവർത്തകർക്കും പഠന ക്ളാസുകൾ നടത്തുകയും അവതരിപ്പിക്കുകയും ചെയ്യണം. അർഹരായ കലാകാരന്മാർ സെപ്തംബർ 5 ന് രാവിലെ 10 മണിക്ക് കുണ്ടംകുഴി സാംസ്കാരിക നിലയത്തിൽ എത്തിച്ചേരുകയും പ്രവർത്തനം ആരംഭിക്കണമെന്നും ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
‘കേരള സാംസ്കാരിക വകുപ്പിൻ്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നാടൻ പാട്ടുകാരൻ ഉദയൻ കുണ്ടംകുഴിക്ക്’ എന്ന തലക്കെട്ടോടെ കാഞ്ഞങ്ങാട്ടെ ഒരു ഓൺലൈൻ മാധ്യമം കഴിഞ്ഞ ദിവസം പ്രിസിദ്ധീകരിച്ച വാർത്തയിൽ കഴമ്പില്ലെന്നും സംസ്ഥാനതലത്തിൽ ആയിരം കലാകാരന്മാരെയും കാസർകോട് ജില്ലയിൽ നിന്നും മുപ്പത്തിയഞ്ച് കലാകാരന്മാരെയും വജ്ര ജൂബിലി ഫെലോഷിപ്പിന് തെരെഞ്ഞെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയത്. അക്കാദമിക് യോഗ്യതയും പ്രായ പരിധിയും മാനദണ്ഡമാക്കിയതിനാൽ കഴിവും അംഗീകാരവുമുള്ള കലാകാരന്മാർ പുറന്തള്ളപ്പെടുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.
ആയിരം യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ്; കാസർകോട് ജില്ലയിൽ നിന്നും മുപ്പത്തഞ്ചുപേർ