
കാസർകോട്: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആയിരം ദിനം പിന്നിടുമ്പോഴേക്കും ആയിരം പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാരിൻ്റെ ആയിരം ദിനാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപള്ളിയിലെ വേദിയില്‍ ജില്ലയിലെ 20 വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിരവധി പേര്‍ക്ക് ആശ്രയമേകാനും കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാല് ബജറ്റുകളാണ് അവതരിപ്പിച്ചത്. മറ്റുള്ള കാലഘട്ടത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ വടക്കന്‍ മേഖലയില്‍പ്പെട്ട കാസര്‍കോട് ജില്ലയെ വേണ്ടപോലെ പരിഗണിച്ചിട്ടുണ്ടെന്നും ഏറെ കാര്യങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രമായി വിവിധ പദ്ധതികളിലായി ആയിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായ കോട്ടച്ചേരി റയില്‍വേ പാലം യദാര്‍ത്ഥ്യമാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയര്‍ച്ചക്കായി 50 കോടിയോളം രൂപ നീക്കിവയ്ക്കാനും പ്രധാനപ്പെട്ട റോഡുകളുടെ നിര്‍മാണത്തിന് ധനസഹായം അനുവദിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളെയും ഒരു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ജില്ലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
