
തൃശൂര്‍: പോലീസ് സേനയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത്‌നിന്നുണ്ടാകില്ല. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റല്‍ പോലീസിന്‍റെ ആദ്യ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും സംഭവിച്ചെന്നു വരാം. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതത് പോലീസ് സേനയില്‍ ഉണ്ടാകരുത്. അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലി എടുക്കുന്ന മേഖലയാണ് പോലീസ്. എന്നാല്‍ ഒറ്റപ്പെട്ട ചില വ്യക്തികള്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ സേനയില്‍ പ്രകടിപ്പിക്കാന്‍ പാടില്ല.
പഴയ പോലീസിന്‍റെ മുഖം സര്‍ക്കാര്‍ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ശേഷം ഇതാദ്യമായാണ് പോലീസിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ചതോടെയാണ് പോലീസിനെതിരായ വിമർശനങ്ങൾ വീണ്ടും ശക്തമായത്. പോലീസിനുണ്ടാവുന്ന തുടർച്ചയായ വീഴ്ചക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
