കൊച്ചി: പ്രമുഖനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്തുന്നു. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നുണ പരിശോധന. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി തന്നെ പ്രതികള്‍ നേരിട്ടെത്തി മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും തന്നെ ഏല്‍പിച്ചതായി സുനിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

പള്‍സര്‍ സുനി പിടിയിലാവുന്നതിന് മുമ്പ് ഹൈക്കോടതിയിലേക്കുള്ള ജാമ്യാപേക്ഷ സമര്‍പ്പിച്ചതും ഇതേ അഭിഭാഷകന്‍ മുഖേനയായിരുന്നു. അഭിഭാഷകന്റെ വീട്ടിലും മറ്റും പോലീസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചോദ്യം ചെയ്യലിനോട് ഇയാള്‍ പൂര്‍ണമായും സഹകരിക്കാതിരിക്കുകയും ചെയ്തതാണ് നുണ പരിശോധനയെക്കുറിച്ച് ചിന്തിക്കുന്നതിലേക്ക് പോലീസിനെ നയിച്ചത്.