ആത്മീയത വ്യഭിചരിക്കപ്പെടുമ്പോള്‍…

  • Post category:news
  • Reading time:2 mins read
You are currently viewing ആത്മീയത വ്യഭിചരിക്കപ്പെടുമ്പോള്‍…

എഡിറ്റോറിയല്‍: ആത്മീയതയുടെ മണ്ഡലത്തില്‍ ലോകത്തിന്റെ നെറുകെയിലാണ് ഭാരതത്തിന്റെ സ്ഥാനം. ഋഷിമാരുടെയും സന്യാസി ശ്രേഷ്ഠന്മാരുടെയും ജന്മം കൊണ്ട് പവിത്രമായ നമ്മുടെ രാജ്യം എക്കാലവും ആത്മീയകാന്തിയാല്‍ ലോകരാഷ്ട്രങ്ങളെ കീഴടക്കിയിട്ടുണ്ട്. ആദി ശങ്കരന്‍,ശ്രീരാമ കൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി രംഗനാഥാനന്ദ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, സ്വാമി ചിന്മയാനന്ദന്‍ തുടങ്ങിയ വിശ്വപ്രശസ്തരായ ആത്മീയ തേജസ്സുകള്‍ പില്‍ക്കാലത്ത് ആര്‍ഷ ഭാരത സംസ്‌ക്കാരത്തെ ചൈതന്യവത്താക്കി. ആത്മീയതയുടെ തട്ടകമായ ഇന്ത്യയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ആത്മീയ അന്വേഷകര്‍ പ്രവഹിച്ചു കൊണ്ടിരുന്നു. ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത വേദ പുരാണേതിഹാസങ്ങള്‍ അറിവിന്റെ അക്ഷയ ഖനിയായിരുന്നു. എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന മറ്റൊരു സ്‌നേഹ ഭൂമിക ഇതു പോലെ ലോകത്ത് മറ്റെവിടെയുമില്ല ഇത്രയും മഹിതമായ ആത്മീയ പാരമ്പര്യമുള്ള നമ്മുടെ രാജ്യം ഇന്ന് ഈ രംഗത്ത് സംഭവിച്ച അപചയത്തെ കുറിച്ചോര്‍ത്ത് പ്രയാസപ്പെടുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രത്യേകിച്ച് കേരളത്തിന്റെ ആത്മീയ രംഗം കളങ്കപങ്കിലമായി മാറിയിരിക്കുകയാണ്. ആത്മീയതയുടെ മറവില്‍ കച്ചവടം നടക്കുന്ന നാടായി മാറി കേരളം. ‘ദൈവത്തിന്റെ സ്വന്തം നാടെന്ന’് വിളികൊണ്ട കേരളം ‘ആള്‍ദൈവങ്ങളുടെയും വ്യാജ സന്യാസിമാരുടെയും വിളനിലമായി മാറി. ആത്മീയതയുടെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന പ്രവണത കേരളമെങ്ങും വ്യാപിച്ചിരിക്കുകയാണ്. ആത്മീയതയുടെ പരിവേഷം വാരിയണിഞ്ഞ മഠങ്ങളും ആശ്രമങ്ങളും വന്‍ തട്ടിപ്പ് കേന്ദ്രങ്ങളായി വിലസുന്നു. വി.വി.ഐ.പി പരിഗണനയുള്ള ആള്‍ ദൈവങ്ങള്‍ പേരും പെരുമയും അളവില്ലാത്ത ധനവും ആര്‍ജ്ജിച്ച് രാജ്യത്തിന് അകത്തും പുറത്തും വിലസി നടക്കുന്നു. ഭരണകൂടത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ പോലും ഇത്തരം ആള്‍ ദൈവങ്ങള്‍ക്ക് സാധിക്കുന്നു.

ഏത് സര്‍ക്കാര്‍ വന്നാലും അവര്‍ക്ക് നിര്‍ബാധം തട്ടിപ്പും വെട്ടിപ്പും നടത്തി മുന്നോട്ട് പോകാന്‍ സാധിക്കുന്നു. കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും മറ്റും അരങ്ങേറിയ മഠങ്ങളും ആശ്രമങ്ങളും കേരളത്തിലുണ്ട്. നീതിയേയും നിയമത്തേയും കൈപ്പിടിയിലൊതുക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നു. കാവി വസ്ത്രമണിഞ്ഞ കാഷായധാരികള്‍ ലൈംഗിക പീഡനങ്ങളിലൂടെ സമൂഹത്തിന്റെ അറപ്പും വെറുപ്പും സമ്പാദിക്കുന്നു. ആത്മീയ കച്ചവടം നടത്തുന്ന ഇത്തരം സന്യാസിമാരെയും സന്യാസിനിമാരേയും തിരിച്ചറിയാനും നിലക്ക് നിര്‍ത്താനും പ്രബുദ്ധമായ കേരളീയ സമൂഹത്തിന് സാധിക്കുന്നില്ല എന്നുള്ളതാണ് നിര്‍ഭാഗ്യകരമായ പരമാര്‍ത്ഥം. കേരളത്തിന്റെ ആത്മീയ രംഗത്തെ തകര്‍ച്ചയുടെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്. തിരുവനന്തപുരം നഗരത്തിലെ പേട്ടയിലെ ഒരു വീട്ടില്‍ യുവതിയെ പീഡിപ്പിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സന്യാസിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേരളീയ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ പോന്നതാണ്. ആപാദചൂഡം തട്ടിപ്പ് വീരനായ ഈ സന്യാസിയുടെ പീഡനത്തില്‍ നിന്ന് രക്ഷ നേടാന്‍ നിയമ വിദ്യാര്‍ത്ഥിനിയായ യുവതി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ചതിലൂടെ ധീരമായ പ്രവര്‍ത്തി തന്നെയാണ് കാഴ്ച്ചവെച്ചത്. യുവതിയുടെ അമ്മയേയും ഇയാള്‍ വര്‍ഷങ്ങളായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ഈ കള്ള സന്യാസി 40 ലക്ഷത്തോളം രൂപയും വീട്ടുകാരുടെ കൈയ്യില്‍ നിന്ന് അടിച്ചെടുക്കുകയുണ്ടായി. ഇത്തരത്തിലുള്ള വ്യാജ സന്യാസിമാരും സ്വാമിമാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കുട്ടരെ തിരിച്ചറിയാനും തിരസ്‌ക്കരിക്കാനും നിയമത്തിന്റെയും നീതിയുടെയും കൈയ്യില്‍ പിടിച്ചേല്‍പ്പിക്കാനും ബഹുഭൂരിപക്ഷം ജനങ്ങളും മടിക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കള്ളസ്വാമിമാരിലും വ്യാജസന്യാസിമാരിലും നിന്ന് നാം മോചനം നേടേണ്ട കാലം വൈകിയിരിക്കുന്നു എന്നാണ് തിരുവനന്തപുരത്തെ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. ആത്മീയരംഗത്തെ കള്ള നാണയങ്ങളെ തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ടാല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോലെ കേരളം മറ്റൊരു ‘ഭ്രാന്താലയമായി’ മാറും. യഥാര്‍ത്ഥ ആത്മീയത എന്തെന്ന് തിരിച്ചറിയാനും വ്യാജ ആത്മീയതയെ നാട് കടത്താനും സാക്ഷര കേരളത്തിന് ഇനിയെങ്കിലും സാധിക്കുമാറാകട്ടെ.

0Shares