
കാസര്‍കോട് ജില്ല ഇന്ന് പിറന്നാൾ ആഘോഷിച്ചു. ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ വോട്ടെണ്ണൽ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസമായതിനാൽ വലിയ ആരവങ്ങളില്ല. 1956-ലെ സംസ്ഥാന പുനഃസംഘടനയെത്തുടർന്നാണ് കർണാടകത്തിലെ തെക്കന്‍ കാനറയുടെ ഭാഗമായിരുന്ന ഈ പ്രദേശം കേരളത്തിന്‍റെ ഭാഗമായത്. 1984 വരെ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്‌ദുർഗ്, കാസർകോട് താലൂക്കുകള്‍ ചേർന്ന് 1984 മേയ് 24-ന് കാസർകോട് ജില്ല രൂപീകൃതമായി.
കാസർകോട് താലൂക്കിൽ 82-ഉം ഹോസ്‌ദുർഗിൽ 45-ഉം ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട് (2010). മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പെറോള്‍ തുടങ്ങിയവ ജില്ലയിലെ പ്രധാന പട്ടണങ്ങളാണ്. കാസർകോട് ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ചേങ്ങല പഞ്ചായത്തിലെ വിദ്യാനഗറിലാണ് സിവിൽസ്റ്റേഷന്‍ പ്രവർത്തിക്കുന്നത്. ജില്ലാ വിസ്‌തീർണം: 1992 ച.കി.മീ; ജനസംഖ്യ: 12,03,342 (2001); ജനസാന്ദ്രത: 604/ച.കി.മീ. (2001); സ്‌ത്രീ-പുരുഷാനുപാതം: 1047/1000; സാക്ഷരതാശതമാനം: 85.17 (2001); അതിരുകള്‍: കിഴക്ക്-പശ്ചിമ ഘട്ടം, പടിഞ്ഞാറ്-അറേബ്യന്‍കടൽ, വടക്ക്-കർണാടക സംസ്ഥാനം (കാനറ ജില്ല), തെക്ക്- കണ്ണൂർ ജില്ല; ആസ്ഥാനം: കാസർകോട് പട്ടണം. ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിൽ 12-ാം സ്ഥാനത്തുനിൽക്കുന്ന ജില്ലയാണ് കാസര്‍കോട്. ജനസാന്ദ്രത, സ്‌ത്രീ-പുരുഷാനുപാതം, സാക്ഷരത എന്നിവയുടെ കാര്യത്തിൽ യഥാക്രമം 10,9,13 എന്നീ സ്ഥാനങ്ങളാണ് കാസർകോട് ജില്ലയ്‌ക്കുള്ളത്.

കേരളത്തില്‍ ആദ്യമായി ആര്യസംസ്കാരം കടന്നുവന്നത് കാസര്‍കോട് വഴിയാണെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജൈനബുദ്ധമതങ്ങളുടെ സംഗമഭൂമിയായിരുന്നു ഒരുകാലത്ത് ഇവിടം. കുമ്പളരാജവംശത്തിന്‍റെ ആസ്ഥാനം ഇവിടെയായിരുന്നു.
വിജയനഗരസാമ്രാജ്യത്തില്‍ നിന്നും പതിനാലാം നൂറ്റാണ്ടോടുകൂടി കാസര്‍കോട് ഇക്കേരിനായ്ക്കന്മാര്‍ക്ക് ലഭിച്ചു. 1645ല്‍ അധികാരം ഏറ്റ ശിവപ്പനായക്കന്‍ തന്‍റെ തലസ്ഥാനം ഇക്കേരിയില്‍ നിന്നും ബെഡന്നൂര്‍ എന്ന സ്ഥലത്തേക്കും മാറ്റി. ഇതോടെ അവര്‍ ബെഡന്നൂര്‍ നായ്ക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ശിവപ്പനായ്ക്ക് പണി കഴിപ്പിച്ച കോട്ടകളാണ് ചന്ദ്രഗിരി കോട്ടയും, ബേക്കല്‍ കോട്ടയും.
1763ല്‍ ഹൈദരാലി ബെഡനൂര്‍ കീഴടക്കി. പിന്നീട് ടിപ്പു അധികാരത്തില്‍ വന്നു. 1792ല്‍ ശ്രീരംഗപട്ടണം കരാറോടുകൂടിയാണ് ടിപ്പു കാസര്‍കോട് ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. 1862ലാണ് കാസര്‍കോട് താലൂക്ക് രൂപംകൊണ്ടത്. കന്നട ഭാഷയുടേയും സംസ്കാരത്തിന്‍റെയും സ്വാധീനമുള്ള ഈ ജില്ലയില്‍ യക്ഷഗാനത്തിനും പ്രചാരമുണ്ട്.
വിവിധ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടുത്തടുത്ത് കാണാവുന്ന കാസര്‍കോടിനെ ദൈവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന അനന്തപുരം ജലക്ഷേത്രം കാസര്‍കോടാണ്. മല്ലികാര്‍ജുനക്ഷേത്രം, കീഴൂര്‍ ശാസ്താക്ഷേത്രം, മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി, ബേക്കല്‍ കടല്‍ത്തീരം, കാപ്പില്‍ ബീച്ച്, വലിയ പറമ്പ കായല്‍, റാണിപുരം, മായിപ്പാടി കൊട്ടാരം തുടങ്ങിയവ കാസര്‍കോടാണ്. ചന്ദ്രഗിരിപ്പുഴയാണ് നീളമുള്ള നദി. ഫിറിയ, ഉപ്പള, മഞ്ചേശ്വരം, കാര്യങ്കോട് ഇവ മറ്റ് പുഴകളാണ്.
