കോഴിക്കോട്: വീടുകളില്‍നിന്ന് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കോഴിക്കോട് ജില്ലയില്‍ വര്‍ധിക്കുന്നതായാണ് പുതിയ റിപോര്‍ട്ട്. കൗമാരക്കാരുടെ ആത്മഹത്യാനിരക്ക് കൂടുന്നതിനുപുറമെയാണിത്. കഴിഞ്ഞ ആറുമാസത്തിനിടെ 18 വയസിനുതാഴെയുള്ള 110 കുട്ടികളെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. മെയ് 23 മുതല്‍ 30 വരെ രണ്ടുകുട്ടികളെ കാണാതായി. ജൂണില്‍ ആറും ജൂലൈയില്‍ 34 ഉംആയിരുന്നു. ആഗസ്തില്‍ 22, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 14 വീതം, നവംബറില്‍ 18 എന്നീ തോതിലും കാണാതായ സംഭവങ്ങള്‍ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. കാണാതായ കുട്ടികളെ പൊലീസ് സഹായത്തോടെ കണ്ടെത്തി വീണ്ടും കുടുംബത്തിലേക്ക് തിരിച്ചയച്ചു. ചൈല്‍ഡ് ലൈന്‍ യൂണിറ്റില്‍നിന്ന് ആവശ്യമായ കൗണ്‍സലിങ് നല്‍കിയാണ് കുട്ടികളെ വീടുകളില്‍ എത്തിച്ചത്.
സ്‌കൂളുകളില്‍നിന്ന് ക്ലാസ് ഒഴിവാക്കി മറ്റിടങ്ങളില്‍ പകല്‍സമയങ്ങള്‍ ചെലവഴിക്കാന്‍ പോയ കുട്ടികളുമുണ്ട്. 92 കുട്ടികളെയാണ് ആറുമാസത്തിനിടെ റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നും ഇത്തരത്തില്‍ കണ്ടെത്തിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആരംഭിച്ച ചൈല്‍ഡ് ലൈന്‍ യൂണിറ്റില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണിത്.
ജില്ലയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് കുട്ടികള്‍ എത്തുകയും പീഡനത്തിനിരയാകുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തകാലത്ത് പേരുകേട്ട ബാലുശേരി വയലടയില്‍ പകല്‍ സമയങ്ങളില്‍ കുട്ടികള്‍ എത്തുന്നുവെന്നാണ് വിവരം. സ്‌കൂളുകളടക്കമുള്ള വിദ്യാലയങ്ങളില്‍നിന്നാണ് കൗമാരക്കാരുടെ വരവ്. പെണ്‍കുട്ടികളടക്കം എത്തുന്നുണ്ട്. ലൈംഗിക ചൂഷണത്തിനും ഇവരില്‍ പലരും ഇരയാകുന്നു. ഇതേത്തുടര്‍ന്ന് വയലടയില്‍ അടിയന്തരമായി പൊലീസ് സഹായ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ആ കുട്ടികള്‍ എവിടെ? ആറുമാസത്തിനിടെ കോഴിക്കോട് നിന്ന് കാണാതായത് 110 കുട്ടികളെ