തിരുവനന്തപുരം: ഉപ്പള മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കാസര്‍കോട് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആഇഷ മെഹ്നാസ് (11) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഓണപരീക്ഷയുടെ ഉത്തരക്കടലാസില്‍ ചോദ്യം എഴുതി വച്ചതിനെ തുടര്‍ന്ന് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വച്ച് മര്‍ദ്ദിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. അധ്യാപികമാരുടെ ശാസനയെ തുടര്‍ന്ന് ബോധക്ഷയമുണ്ടാവുകയും മംഗളൂരു ആശുപത്രിയില്‍ കുട്ടി ചികിത്സ തേടുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി പിന്നീട് മരണപ്പെടുകയായിരുന്നു. അതേ സമയം, കുട്ടിയുടെ മരണം മര്‍ദനമേറ്റല്ലെന്നും അസുഖം മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
