കാസര്‍കോട്: അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച എന്‍മകജെ പഞ്ചായത്തിലെ പുതിയ പ്രസിഡന്റായി വൈ.ശാരദയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ നാല് അംഗങ്ങളും ലീഗിലെ മൂന്ന് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവുമാണ് ശാരദയ്ക്ക് പിന്തുണ നല്‍കിയത്. രണ്ട് സി.പി.എം അംഗങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബി.ജെ.പിയ്ക്ക് ഏഴുവോട്ടാണ് ലഭിച്ചത്. കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയത്തിന്റെ കത്ത് കിട്ടാന്‍ വൈകിയെന്നാരോപിച്ചു ബി.ജെ.പി മെമ്പര്‍മാര്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് -വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ലഭിച്ചത് നിശ്ചിത സമയപരിധി പാലിച്ചുകൊണ്ടല്ലായിരുന്നുവെന്ന പരാതി കമ്മീഷന്‍ തള്ളിക്കളഞ്ഞു. വൈസ് പ്രസിഡണ്ടന്റിനെ മൂന്നു മണിക്കു തിരഞ്ഞെടുക്കും.
ഒരു വര്‍ഷം മുമ്പും ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. പക്ഷെ അന്നും എല്‍.ഡി.എഫ് നിസ്സഹകരിച്ചു. എന്നാല്‍ ഒരു മാസം മുമ്പ് വീണ്ടും നടന്ന അവിശ്വാസ പ്രമേയത്തില്‍ എല്‍.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പിക്ക് ഭരണം നഷ്ടമാവുകയായിരുന്നു. 17 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡിഎഫ് ഏഴ്, ബി.ജെ.പി ഏഴ്, സി.പി.എം രണ്ട്, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നംഗ എല്‍.ഡി.എഫ് വിട്ടു നിന്നു. നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്.
അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച എന്‍മകജെ പഞ്ചായത്തിലെ പുതിയ പ്രസിഡന്റ് വൈ ശാരദ