
സജി വൈക്കം
അവളോടൊപ്പം എന്ന ഹാഷ്ടാഗ് എങ്ങനെ..? എന്തിന്..? സൃഷ്ടിക്കപ്പെട്ടു എന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലാത്തവർ സാധാരണക്കാരുടെ ഇടയിൽ ഉള്ളതിനേക്കാള്‍ കലാകാരന്മാര്‍, സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ എന്നീ പട്ടങ്ങൾ ചാർത്തിക്കിട്ടിയവരിൽ ഉണ്ട് എന്ന ബോധ്യത്തിൽ നിന്നുണ്ടായ വേദനയാണ് ഇങ്ങനെ ചിലത് പറയാൻ എന്നെ നിർബന്ധിതനാക്കുന്നത്.ആണധികാരത്തിൻ്റെ മൂശയിൽ വാർത്തെടുത്ത മതങ്ങളുടെ കാലഘട്ടത്തിലും പഴക്കമുണ്ട് അവളുടെ അപാരമായ നിസ്സഹായതകൾക്ക്.മതം പൌരോഹിത്യത്തിൽ നിന്ന്,പൊതു ഇടങ്ങളില്‍ നിന്ന്, അറിവ് സമ്പാദനത്തിൽ നിന്ന്,ധനസമ്പാദനത്തിൽ നിന്ന്, അതിൻ്റെ അവകാശങ്ങളിൽ നിന്ന് മാത്രമല്ല അവളെ വിലക്കിയത്. ഉറക്കെ ചിരിക്കുന്നതിൽ നിന്ന്,ഉറക്കെ പറയുന്നതിൽ നിന്ന്,ഉദരം നിറയെ ഉണ്ണുന്നതിൽ നിന്ന്, ഇഷ്ടമുള്ളിടത്ത് ഇരിക്കുന്നതിൽ നിന്ന്, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ നിന്ന് എന്നിങ്ങനെ ഇരിക്കുന്നതിനും (ഹൈക്കോടതി വിധിയുണ്ടായിട്ടും ഒട്ടനവധി പെൺജീവിതങ്ങൾ തെരുവില്‍ പൊലിഞ്ഞിട്ടും പെണ്ണ് കാലുകള്‍ അകത്തി ബൈക്കിന് പിന്നില്‍ ഇരിക്കുന്നത് പുരുഷന്, കുടുംബത്തിന് അപമാനമെന്ന് കരുതുന്നവർ ഇന്നുമുണ്ട്.)
കിടക്കുന്നതിനും ആഹാരം കഴിക്കേണ്ട ശൈലികളിൽ പോലുമുള്ള കടുത്ത നിയന്ത്രണങ്ങളിലൂടെ തങ്ങളുടെ ശരീരം പോലും സ്വന്തം അധികാരത്തിലല്ലെന്ന് ദൈവനിയമങ്ങളിലൂടെ ഉറപ്പിച്ചെടുത്താണ് കടന്നു വന്നത്,ഇതുവരെയും.അതിൻ്റെ ഒടുവിലത്തെ ഇര, ഇന്നലെ നമ്മളെ കരയിച്ച ആ ഏഴു വയസ്സുകാരി കൂടിയാണ്. ആ പിഞ്ചുകുഞ്ഞിൽ എന്താണ് ലൈംഗീകതയെ ഉണർത്തുന്നതായി ഉണ്ടായിരുന്നത്. ശരീരമോ..?അതോ ഇറുകിപ്പിടിച്ച,വശങ്ങൾ കീറിയ വസ്ത്രധാരണമോ..? ഇതിലെന്തെങ്കിലുമാണെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അത്തരം കടന്നാക്രമണത്തിലേക്ക് അയാളെ കൊണ്ടെത്തിച്ചതിൻ്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആയിരക്കണക്കിന് വർഷങ്ങളിലൂടെ പരസ്യമായും ഇന്ന് രഹസ്യമായും ഒളിച്ച് കടത്തിയ, കടത്തുന്ന ആണധികാര സൃഷ്ടികളുടെ നിയമങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട് എന്നത് ആർക്കും നിഷേധിക്കാനാകുന്നതല്ല.
അന്യ ഗോത്രങ്ങളെ ആക്രമിക്കുമ്പോൾ,രാജ്യങ്ങളെ ആക്രമിക്കുമ്പോൾ;പരാജയപ്പെടുത്തുമ്പോൾ കൊള്ളമുതലുകൾക്കൊപ്പം പെണ്ണിനെയും പെടുത്തിക്കൊടുത്ത ദൈവങ്ങളുടെ, ദൈവങ്ങളിലൂടെ അത് സാധിച്ചെടുത്ത തിരുത്താനാകാത്ത നിയമങ്ങളിലൂടെ ഇന്നും കടന്നുപോകുന്ന ആർക്കാണ് പെണ്ണിന് ഒരു സ്വത്വമുണ്ടെന്ന് ഉള്ളിലെങ്കിലും പറയാനാകുക. ആ നിയമങ്ങളുടെ തുടർച്ച ഇന്നും എവിടെയും കാണുന്നില്ലേ..?!. ഒരു കലാപമുണ്ടായാൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് സ്ത്രീ ശരീരങ്ങളാണ്.
കൂട്ടബലാത്സംഗങ്ങൾക്കു ശേഷം പച്ചയ്ക്ക് കത്തിക്കപ്പെട്ടവരെത്രയാണ് ഗുജറാത്ത് കലാപത്തില്‍. ഐ എസ്സിൻ്റേതടക്കമുള്ള തീവ്രവാദ ക്യാമ്പുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട, അവിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ,കഴുത്തില്‍ തുടലിട്ട് ചന്തകളിൽ ലേലം ചെയ്ത് വില്ക്കപ്പെട്ട സ്ത്രീകള്‍ എത്രയാണ്..?വിയറ്റ്നാം യുദ്ധകാലത്ത് തുറക്കപ്പെട്ട റേപ്പ് ക്യാമ്പുകളിൽ വിവരണാതീതമായ ക്രൂരതകളേറ്റ് വാങ്ങിയവർ, തമിഴ്പുലികളെ അടിച്ചമർത്താനിറങ്ങിയ ശ്രീലങ്കയിലേയും അവരെ സഹായിക്കാനിറങ്ങിയ അയൽ രാജ്യ സൈന്യവും പരാക്രമങ്ങള്‍ നടത്തിയത് ഏറിയപങ്കും സ്ത്രീശരീരങ്ങളിലാണ്. ജാതി വ്യവസ്ഥയുടെ ഇരകളാക്കപ്പെട്ടതും ഏറ്റവുമധികം സ്ത്രീകൾ തന്നെയായിരുന്നില്ലേ. അത്തരത്തില്‍ ഒരു പരിശോധന നടത്തിയാല്‍ നൂറ് വർഷത്തിന് മുമ്പ് പോലും എത്ര സ്ത്രീകള്‍ക്ക് ശരീരമെങ്കിലും സ്വന്തമെന്ന് പറയുവാന്‍ കഴിയുമായിരുന്നു എന്നും . ഇന്ന് അതിന് എത്രമാത്രം മാറ്റം വന്നിട്ടുണ്ട് എന്നും പരിശോധിക്കണം. എണ്ണമില്ലാത്തത്ര വിവാഹങ്ങള്‍, മൊഴി ചൊല്ലലുകൾ,സംബന്ധങ്ങൾ,സതി തുടങ്ങിയവ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നത് അംഗീകരിക്കുമ്പോഴും മതബോധത്തിന് പുറത്തു നിന്നവർ അതിന് വേണ്ടി ഉയർത്തിയ ശബ്ദങ്ങള്‍ തമസ്കരിക്കപ്പെടരുത്.
ജാതിമേൽക്കോയ്മയെ അരക്കിട്ടുറപ്പിക്കാൻ ആണധികാരത്തിൻ്റെ അപ്രമാദിത്വം തെളിയിക്കാന്‍ ഇന്നും സ്ത്രീ ശരീരങ്ങളെ കടന്നാക്രമിക്കുന്നത് നിർബാധം തുടരുക തന്നെയാണ്. പിതാവ് കൃഷിപ്പണിക്കെടുത്ത ഉഴവ് യന്ത്രത്തിൻ്റെ വാടക ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അയാളുടെ പതിനഞ്ച് വയസ്സ് മാത്രം പ്രായമുളള മകളെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട ഗ്രാമസഭകൾ ഇന്നും ആധുനിക ഇന്ത്യയില്‍ ഉണ്ട് എന്ന് ആരും മറക്കരുത്. സവർണ്ണൻ അവർണ്ണന് കൊടുക്കുന്ന താക്കീതുകളിലധികവും ബലാത്സംഗങ്ങൾക്ക് ശേഷം കെട്ടിതൂക്കപ്പെടുകയോ വയലുകളിൽ ചവിട്ടി താഴ്ത്തപ്പെടുകയോ ചെയ്യുന്ന പെൺശരീരങ്ങൾ കൊണ്ടാകുന്നതും ഇന്നുകളിൽത്തന്നെയാണ്.
വിദ്യാഭ്യാസം നേടുന്നതിൽ,തൊഴിലിടങ്ങളിൽ ഒക്കെ സ്ത്രീ സാന്നിധ്യം ഏറ്റവും അധികം കാണപ്പെടുന്ന കേരളത്തിലെ ഒരു പെണ്ണിന് എന്തെല്ലാം അവകാശങ്ങളാണ് നല്കപ്പെട്ടിരിക്കുന്നത് എന്ന് ചിന്തിക്കുക. തൊഴില്‍ ചെയ്ത് പണം വാങ്ങാനല്ലാതെ അത് സ്വന്തം താത്പര്യങ്ങൾക്കനുസൃതമായി ചെലവഴിക്കാൻ, ആ പണം വഴി നേടിയ സ്വത്തിന്‍റെ അവകാശിയായിരിക്കാൻ എത്ര സ്ത്രീകൾക്ക് കഴിയുന്നുണ്ട്.? വിവാഹ കാര്യത്തില്‍ സ്വന്തം തീരുമാനമെടുക്കാന്‍, വരൻ്റെ കാര്യത്തില്‍ എന്നത് ഒഴിവാക്കിയാലും അത് നടത്തുന്ന സമയത്തിൻ്റെ(പ്രായം) കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട്.? ഭർത്താവിനേക്കാൾ കൂടുതല്‍ അദ്ധ്വാനിക്കുമ്പോഴും പണസമ്പാദനം നടത്തുമ്പോഴും ശമ്പളം സ്വന്തമല്ലാതെ പോകുന്നവർ എത്രയുണ്ട്..? കുടുംബത്തിലെ സകലരും പുതച്ച് മൂടി ഉറങ്ങുമ്പോൾ എല്ലാവർക്കുമുള്ള ഭക്ഷണം ഒരുക്കി വച്ച് പുലരും മുമ്പേ തൊഴിലിടത്തിലേക്ക് യാത്ര തിരിക്കുകയും, രാത്രി മടങ്ങിയെത്തുമ്പോൾ ഭർത്താവും കുട്ടികളും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും പ്രഭാതഭക്ഷണം മുതല്‍ കഴിച്ച എച്ചിൽ പാത്രങ്ങള്‍ കഴുകി വച്ചിട്ട് മാത്രം അത്താഴമൊരുക്കാനൊരുങ്ങേണ്ടി വരുന്നവർ എത്രയുണ്ട്..?
ഇതിനൊക്കെയപ്പുറം അവധിദിനങ്ങളിൽ നന്നായൊന്നുറങ്ങാൻ,സായാഹ്നം പരിപൂർണ്ണ സമാധാനത്തോടെ പൊതു ഇടങ്ങളില്‍ ചെവഴിക്കാൻ കഴിയുന്ന എത്ര കുടുംബിനികളുണ്ട്..? അവരിൽ എത്രപേർക്ക് ഭർത്താവിൽ നിന്ന് പോലും ലൈംഗീക താത്പര്യങ്ങൾ സംരക്ഷിച്ച് കിട്ടുന്നുണ്ട്..? ശാരീരിക അവശതകൾ നേരിടുമ്പോൾ കൃത്യസമയങ്ങളിൽ ചികിത്സ നടത്താന്‍ എത്ര പേർക്ക് കഴിയുന്നുണ്ട്..? ഏത് തരം തൊഴിലിടങ്ങളിലും പുരുഷനെപ്പോലെ സ്വതന്ത്രമായി സമാധാനപരമായി ജോലി ചെയ്യാന്‍ എത്ര പേർക്ക് കഴിയുന്നുണ്ട്..,?അവിടെ നിന്നൊക്കെ നിൻ്റെ ശരീരത്തില്‍ ചില അവകാശങ്ങള്‍ ഞങ്ങൾക്കുണ്ടെന്ന ശബ്ദായമാനവും നിശബ്ദവുമായ ഓർമ്മപ്പെടുത്തലുകൾ,ഉറപ്പിക്കലുകൾ നിരന്തരം അനുഭവിക്കുന്നവർ എത്രയുണ്ട്.? യാത്രാവേളകളിൽ,പൊതു ഇടങ്ങളില്‍ ഒക്കെ ഇതിൻ്റെ ആവർത്തനങ്ങളും അലയൊലികളും അവസാനിക്കുന്നുണ്ടോ..?
ബലാത്സംഗം രതിതാത്പര്യത്തിനപ്പുറം അധീശത്വമുറപ്പിക്കലിൻ്റെ കീഴ്പ്പെടുത്തലിൻ്റെ മാനസിക വ്യാപാര ഉത്പന്നമാണെന്നത് തർക്കരഹിതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.അങ്ങനെയായിരിക്കുമ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തെ കൊട്ടിഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ നികൃഷ്ടതയുടെ തോത് ഉയർന്ന് വരുന്നത് എന്തുകൊണ്ടാണ്..? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഉപരിപ്ളവമായല്ലാതെ മതനിർമ്മിത കാലഘട്ടത്തിനിപ്പുറത്തേക്ക് ഇന്നും സ്ത്രീയുടെ അവസ്ഥയില്‍ കാതലായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് കാണാനാകുക. പുരുഷ താത്പര്യങ്ങൾക്കനുസരിച്ച് എല്ലാ മേഘലയിലും സ്ത്രീയെ പുതിയ വ്യാഖ്യാനങ്ങളുടെ പട്ടുകമ്പളങ്ങൾ പുതപ്പിച്ച് വിന്യസിക്കുകയും അതിൻ്റെ ഗുണവത്തായ ഫലം കൊയ്യുകയും ചെയ്തുകൊണ്ട് അധീശത്വം പുനരവതരിപ്പിക്കുക മാത്രമാണ് ആധുനിക കാലഘട്ടത്തില്‍ ചെയ്തിട്ടുള്ളത്. ഇത് നടപ്പാക്കുന്നതിന്,ഇതാണ് ശരിയായ സാമൂഹിക ധാർമ്മിക വ്യവസ്ഥ എന്ന് വരുത്തിത്തീർക്കുന്നതിന് ആൺമേൽക്കോയ്മ, മതം,ദൈവം, കല,സാഹിത്യം, സിനിമ,പത്ര ദൃശ്യമാധ്യമങ്ങളിലൂടെയുള്ള വിപണന പരസ്യങ്ങളിലൂടെയടക്കം ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ഒളിച്ച് കടത്തുകയാണ്.പുരുഷന് നിലയ്ക്ക് നിർത്താൻ കഴിയാതെ പോകുന്ന, അതുവഴി കുടുംബത്തിന് വലിയ ദുരന്തത്തിന് വഴിയൊരുക്കുന്ന സീരിയല്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ പകർത്തപ്പെടേണ്ടതില്ലെങ്കിൽ അവരെ എത്തരത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തമയായ സ്ത്രീയെന്നാൽ പുരുഷനും കുടുംബത്തിനും വേണ്ടി വ്യക്തിതാത്പര്യങ്ങളേയും സ്വാതന്ത്ര്യത്തേയും പരിപൂർണ്ണമായി ത്യജിച്ച് പീഡനപർവ്വങ്ങൾ നിശബ്ദമായല്ലാതെ സന്തോഷത്തോടെ താണ്ടേണ്ടവളാണെന്നും പറഞ്ഞ് വയ്ക്കുമ്പോൾ,ഭർത്താവിൻ്റെയും കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിനായി,അമ്മായി അമ്മയെ കയ്യിലെടുക്കാൻ,കടുത്ത കറകളുള്ള വസ്ത്രങ്ങള്‍ വെളുപ്പിക്കാൻ,കുടുംബത്തിലെ എല്ലാത്തരം ആളുകൾക്കും ഇഷ്ടമുളള വിഭവങ്ങളൊരുക്കാൻ പുതുവഴികൾ തേടേണ്ടി വരികയും ധരിക്കുന്ന വസ്ത്രത്തിന്‍റെയും സ്വർണ്ണാഭരണത്തിൻ്റേയും പാചകം ചെയ്ത് നിരത്തിയ വിഭവങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സ്ത്രീ മഹത്വവത്കരിക്കപ്പെടുന്നതും യാദൃച്ഛികമായല്ല.
പുരുഷന്‍ വിലകൂടിയ അടിവസ്ത്രം ധരിക്കുമ്പോഴും തീഷ്ണഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കുമ്പോഴും പുതിയ ഇനം ടൂത്ത് പേസ്ററുപയോഗിച്ച് പല്ല് തേക്കുമ്പോഴും,പുതിയ ബൈക്കും കാറും വാങ്ങി നിരത്തിലിറങ്ങുമ്പോഴും അവന് പിന്നാലെ രതിയുടെയോ ശൃംഗാരത്തിൻ്റേയോ ചപലമായ ചേഷ്ടകളോടെ ഓടിയെത്തുന്നവളായി പെണ്ണിനെ അവതരിപ്പിക്കുന്നതും യാദൃച്ഛികമല്ല.ഞാന്‍ രണ്ടെണ്ണം അടിച്ചിട്ട് വരുമ്പോൾ പുറംകാല് കൊണ്ട് തൊഴിക്കാനും എൻ്റെ രതിയാവേശങ്ങൾ കെട്ടഴിച്ച് വിടാനും എൻ്റെ മക്കളെ പെറ്റുകൂട്ടാനുമായി പെണ്ണിനെ ജീവിതത്തിലേക്ക് വിളിക്കുന്ന കഥാപാത്രങ്ങളെ അമാനുഷികമാക്കിക്കൊണ്ട് സ്ത്രീയുടെ ശരീരത്തിന്‍റെ കുത്തകാവകാശം പുരുഷനാണെന്ന് പ്രഖ്യാപിക്കപ്പെടുന്നത് യാദൃച്ഛികമായല്ല. ഇഷ്ടഭക്ഷണം ഇഷ്ടംപോലെ കഴിക്കുന്നവളെ,സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ കെല്പ്പുള്ളവളെ,തോല്ക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവളെ,പക വീട്ടുന്നവളെ കഥാന്ത്യത്തിൽ പുരുഷൻ്റെ അദൃശ്യ ശക്തിയ്ക്ക് കീഴില്‍ നിലനിന്നവളായോ,അവൻ്റെ പൌരുഷത്തിൽ എല്ലാം അടിയറവ് വയ്ക്കുന്നവളായോ അവതരിപ്പിക്കുന്നത് യാദൃച്ഛികമായല്ല, സ്ത്രീയുടെ പരപുരുഷ ബന്ധവും, അറിവില്ലായ്മയും, അസൂയയും ,വൈരൂപ്യവും ചിരിയുടെ രസക്കൂട്ടുകളായി നിറയുന്നത് യാദൃച്ഛികമായല്ല.അതെ,ഇതൊന്നും യാദൃച്ഛികമല്ല.
പുരുഷനും കുടുംബത്തിനും വേണ്ടി പട്ടിണി കിടന്ന് പ്രാർത്ഥനകൾ നിർവ്വഹിക്കാൻ,അവൻ്റെ രതിപൂർത്തീകരണത്തിന് വേശ്യാഗൃഹത്തിലേക്കവനെ ചുമന്ന് കൊണ്ട് പോകാന്‍, അവൻ്റെ മനസ്സിൽ രതിയുടെ ഉന്മാദമുണ്ടാകാതിരിക്കാൻ സ്വയം പൊതിഞ്ഞു പിടിക്കാന്‍, ആദിപാപത്തിൻ്റെ ശിക്ഷയായി എക്കാലത്തും ശിരസ്സ് മൂടി, മുഖം കുനിച്ച് നിൽക്കാൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിബന്ധനകളിലൂടെ അവളെ തളച്ചിട്ടവർ, അത് തുടരുന്നവർ, പുതുയുഗത്തിൽ പുതിയ ആശയങ്ങളുടെ കാലത്തിൽ തങ്ങളുടെ അജൻഡ നടപ്പിലാക്കുന്നത് ഒട്ടും യാദൃച്ഛികമല്ലാത്ത ,മേൽ പറഞ്ഞ എണ്ണിയാലൊടുങ്ങാത്ത ബിംബകല്പനകളിലൂടെയാണെന്നത് ആർക്ക് നിഷേധിക്കാനാകും..? സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പോലും അവന് വേണ്ടി അവൻ്റെ താത്പര്യങ്ങൾക്കനുസൃതമായ നഗ്നമാകലിലേക്കും ശരീരത്തെ വിട്ട് നല്കലിലേക്കും കൊണ്ടെത്തിച്ചത് ഇതേ മാർഗ്ഗങ്ങളിൽ കൂടിത്തന്നെയല്ലേ..? അതിനുമപ്പുറത്തേക്ക് സ്ത്രീ ചിന്തിച്ച് തുടങ്ങിയപ്പോൾ,അത്തരം ചലനങ്ങളുടെ പ്രതിഫലനമാണ്, അടിച്ചമർത്താനുള്ള വ്യഗ്രതയാണ് വർദ്ധിച്ച് വരുന്ന പെൺഹത്യകളുടേയും പീഡനങ്ങളുടേയും അടിസ്ഥാന കാരണമെന്നത് നിഷേധിക്കാനാകുമോ..?
അതെ, ഇന്നലത്തെ ഏഴു വയസ്സുകാരി വരെ എണ്ണിയാലൊടുങ്ങാത്തത്ര പേർ.എന്തിന് ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും അടച്ചിട്ട ലോഡ്ജ് മുറികളില്‍, ഇരുണ്ട തെരുവോരങ്ങളിൽ,ശീതീകരിച്ച ആഡംബരക്കെട്ടുകളിൽ,സ്വന്തം വീടിൻ്റെ ചുവരുകൾക്കുള്ളിൽ ഒന്ന് നിലവിളിക്കാന്‍ പോലും അവകാശമില്ലാതെ പിച്ചിച്ചീന്തപ്പെടുന്ന പെൺജീവിതങ്ങൾ എത്രയുണ്ടാകും..?.ജീവൻ തന്നെ പറിച്ചെറിയപ്പെടുന്നത് എത്ര പേരുടേതാകും..?.
മറക്കരുത് അവൾ ഇല്ലെങ്കില്‍ ഇവിടൊന്നുമില്ലെന്ന്.ആണത്തത്തിൻ്റെ അധികാരചിഹ്നമുയർത്തിപ്പിടിച്ച് ആർത്തട്ടഹസിക്കാൻ ഒരു ജന്മം പോലും ഉണ്ടാകില്ലെന്ന്. എന്നിട്ടും … എന്നിട്ടും ആയിരക്കണക്കിന് വർഷങ്ങളായി ആണധികാരമെന്ന വങ്കത്തം ചവിട്ടിത്തേക്കുന്ന സ്ത്രീത്വത്തിനായി അത് സമാനതകളില്ലാതെ പകർന്ന് തരുന്ന മാതൃത്വത്തിൻ്റെ മാധുര്യത്തെ പൊതിഞ്ഞു പിടിക്കുന്നതിനായി സമത്വം എന്ന ജന്മാവകാശം സ്വപ്നം കാണുന്നവർ, ആ സ്വപ്നത്തിനൊപ്പം ചേർന്നു നില്ക്കുന്നവർ ഉയർത്തിയ ‘അവളോടൊപ്പം’ എന്ന മുദ്രാവാക്യത്തെ വിപരീത പദത്താൽ മറികടക്കാന്‍ ശ്രമിക്കുന്നവരെ നാമെന്താണ് വിളിക്കേണ്ടത്..?.അവരെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്..?.നിങ്ങള്‍ പറയുക. ഈ വാചകങ്ങള്‍ പൂർണ്ണമല്ലെന്ന് എനിക്കറിയാം. ഇതിനോട് ചേർത്തെഴുതാൻ കഴിയുന്നവർ,പൂർത്തിയാക്കാൻ കഴിയുന്നവർ,നിർവ്വചനങ്ങളുടെ പോരായ്മകളെ തിരുത്തിക്കുറിക്കാനാകുന്ന പുതിയുഗത്തിൻ്റെ, സംസാകാരത്തിൻ്റെ പൊരുളറിയുന്നവരുടെ വലിയ കൂട്ടങ്ങൾ ഇവിടെയുണ്ട്.നിങ്ങളുടെ തുടർച്ചക്കായി തത്ക്കാലത്തേക്ക് മാത്രം ഞാന്‍ വിരാമചിഹ്നമിടുന്നു, #അവളോടൊപ്പം
എന്നുമുണ്ടാകുമെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട്.
