കാസര്‍കോട്: നഗരസഭയില്‍ വനിതകള്‍ക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടന്നതായി പറയപ്പെടുന്ന അഴിമതിയെ സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത വിശ്വാസ തകര്‍ച്ചയും അഭിപ്രായ വ്യത്യാസവും മൂലം നഗരസഭാപ്രവര്‍ത്തനം താളം തെറ്റുന്നു. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി അംഗങ്ങള്‍ തമ്മില്‍ അക്രമത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതോടെ കാര്യങ്ങള്‍ അനുക്രമം വഷളാവുകയാണ്. നഗരസഭയില്‍ വനിതകള്‍ക്കുള്ള ഭവന പുനരുദ്ധാന പദ്ധതിയുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അര്‍ഹരെ ഒഴിവാക്കുകയും അനര്‍ഹരെ തിരുകി കയറ്റുകയും ചെയ്തതിലൂടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് കാട്ടിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അഴിമതി ആരോപണത്തിന് വിധേയയായ വികസന സമിതി അധ്യക്ഷയെ പുറത്താക്കാന്‍ നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഏറെ ദിവസങ്ങളായി പ്രതിപക്ഷം നിസ്സഹകരണത്തിന്റെയും ഏറ്റുമുട്ടലിന്റെയും വഴിയിലൂടെ നീങ്ങുന്നത്. കൗണ്‍സില്‍ യോഗം സുഗമമായി നടത്താന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ് നഗരസഭാധ്യക്ഷ. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അവര്‍ക്കു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. ഇന്നലെ നടന്ന യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തള്ളും നടന്നു.അതിനിടയില്‍ ഒരംഗം കുഴഞ്ഞു വീഴുകയും ചെയ്തു. കൗണ്‍സില്‍ ഹാളില്‍ അരങ്ങേറിയ ഏറ്റുമുട്ടലിന് തടയിടാന്‍ പോലിസിന് ഇടപടേണ്ടി വന്നു. പ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടാകാത്ത പക്ഷം നഗരസഭയുടെ പ്രവര്‍ത്തനം പാടേ സ്തംഭിക്കുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.