
കാസർകോട്: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ രജിസ്റ്റര്‍ ചെയ്തത് 113 കേസുകള്‍. രാജി ഫീസായി 341500 രൂപയും ഈടാക്കി. ക്രിസ്മസ്-പുതുവത്സര കാലത്ത് വ്യാപാരികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധനയ്ക്കിറങ്ങിയത്.

നിയമപ്രകാരം അല്ലാത്ത പാക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്പനയ്ക്കായി പ്രദര്‍ശിപ്പിച്ചതിന് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പാക്കറ്റുകളില്‍ നിര്‍മാതാവിന്‍റെ പേര്, മേല്‍വിലാസം, പാക്ക് ചെയ്ത തീയതി, ഉല്‍പ്പന്നത്തിന് പേര്, തൂക്കം ,എം.ആര്‍.പി തുടങ്ങിയവ ഇല്ലാത്തതിനാല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്രിസ്തുമസ് കേക്കുകളില്‍ തൂക്കക്കുറവിന് രണ്ട് കേസുകളും, റേഷന്‍ കടകളില്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളില്‍ (റേഷനരി )തൂക്കക്കുറവിന് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റ്, പലചരക്കുകട, ബേക്കറികള്‍, ഇറച്ചി -മത്സ്യ വിപണന ശാലകള്‍ എന്നിവിടങ്ങളിലായിരുന്നു കൂടുതലായും മിന്നല്‍ പരിശോധന നടന്നത്.
