
കണ്ണൂർ : കേരളത്തിലെ ഏക മുസ്‍ലിം രാജവംശമായിരുന്ന അറക്കൽ രാജ കുടുംബത്തിന്‍റെ നാൽപതാമത് അധികാരിയായി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി ബുധനാഴ്ച്ച വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ദൈവനാമത്തിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. അറക്കൽ രാജ കുടുംബത്തിന്‍റെ 39മത് സ്ഥാനി ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടർന്നാണ് ഇത്.
കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയായ ‘അൽമാർ മഹലിൽ’ വെച്ചാണ് അറക്കൽ രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. അല്ലാഹുവിന്‍റെ നാമത്തിൽ സ്ഥാനമേറ്റെടുക്കുന്ന കാര്യം ബീവി സന്ദേശ കുറിപ്പിലൂടെ സദസ്സിനെ അറിയിച്ചു. മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച പരേതനായ എ. പി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.

അധികാരമേറ്റെടുക്കൽ ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പാണക്കാട് സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ഹുസയ്ന്‍ ശിഹാബ് തങ്ങള്‍, സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍, പി. ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്‌ലിം ലീഗ് നേതാക്കളായ സി. സമീര്‍, അശ്‌റഫ് ബംഗാളി മുഹല്ല, റിട്ട. ടൂറിസം പോലിസ് സത്യന്‍ എടക്കാട്, ഗവേഷക നസ്രീന ഇല്യാസ്, ഡിഎര്‍ത്ത് പ്രതിനിധി സബീല്‍ തലശ്ശേരി, ഡോ. മുനവ്വിര്‍
ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
സ്ഥാനിയായിരുന്ന പരേതയായ ഫാത്തിമ മുത്ത് ബീവിയുടെ മകള്‍ ഖദീജ സോഫിയ ആദിരാജയില്‍ നിന്ന് തമ്പുരാട്ടി വിളക്ക് സാക്ഷിയാക്കി ആചാരവാളുകളും അറക്കല്‍ രേഖകളും അറക്കല്‍ ഭണ്ഡാര വസ്തുക്കളുടെ താക്കോല്‍ കൂട്ടങ്ങളും പുതിയ ബീവിയുടെ മകന്‍ ആദിരാജ അബ്ദുല്‍ഷുക്കൂര്‍ എറ്റുവാങ്ങി. ഹൈദരലി ശിഹാബ് തങ്ങളുടെ ആശംസ സന്ദേശം ബന്ധു കൂടിയായ ഒ. ഉസ്മാന്‍ വായിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആദര സൂചകമായി പൊന്നാട കുടുംബാഗങ്ങളെ ഏല്‍പ്പിച്ചു. കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരിയാണ് അറയ്ക്കൽ ബീവി. മരുമക്കത്തായ സമ്പ്രദായമാണ് അറയ്ക്കൽ വംശക്കാർ ഇപ്പോഴും പിന്തുടരുന്നത്.
