കാസര്‍കോട്: സി.പി.എം അരിശം വാഹനങ്ങളോടും. റെഡ് വളണ്ടിയര്‍ മാര്‍ച്ചിനിടേ കടന്നുവന്ന വാഹനത്തിനു നേരെ ക്യാപ്റ്റന്‍ നടത്തിയ അക്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച വൈകീട്ടാണ് സി.പി.എം ഉദുമ ഏരിയാ സമ്മേളനഭാഗമായി കാഞ്ഞങ്ങാട് തീരദേശ റോഡില്‍ ബഹുജന പ്രകടനവും റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും തുടങ്ങിയത്. പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാര്‍ അതുവഴി എത്തിയത്.
ഒരു കാര്‍ പ്രകടനത്തിനരികിലൂടെ വരുന്നതു കണ്ട വളണ്ടിയര്‍ ക്യാപ്റ്റന്‍ ആക്രോശത്തോടെ ഓടിവന്ന് കാറിന്റെ ബോണറ്റില്‍ ചവിട്ടി അരിശം തീര്‍ക്കുകയായിരുന്നു. കാര്‍ ജാഥയെ ഓവര്‍ടേക്ക് ചെയുന്നുവെന്ന് തോന്നിയപ്പോഴാണ് ജാഥാ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടിയത്. പിന്നീട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഓടിയെത്തി ക്യപ്റ്റനെ സമാധാനിപ്പിച്ച് കാറിനെ കടത്തിവിട്ടു. എങ്കിലും വണ്ടി കടത്തിവിട്ടതിലുള്ള അരിശം മറ്റ് നേതാക്കളോടും കയര്‍ത്തു. ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍, പി കെ പ്രേംനാഥ് തുടങ്ങിയവരും ബഹുജന പ്രകടനത്തിലുണ്ടായിരുന്നു.
സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പരക്കുകയായിരുന്നു. ക്യാപ്റ്റന്റെ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. ലോക്കല്‍ കമ്മറ്റി അംഗം കൂടിയാണ് റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍. സംഭവം വിവാദമായതോടെ പദവിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിവാക്കി നാണക്കേടില്‍ നിന്ന് തലയൂരിയെങ്കിലും സോഷ്യല്‍ മീഡിയ സംഭവം വെറുതെ വിട്ടില്ല.

