അയ്യപ്പപൂങ്കാവനം; ‘തത്വമസി’ സൂക്തം പുരുഷന്മാര്‍ക്ക് മാത്രമല്ല; വിശ്വാസങ്ങള്‍ മനുഷ്യ നന്മക്കാകണം

  • Post category:news
  • Reading time:1 min read
You are currently viewing അയ്യപ്പപൂങ്കാവനം; ‘തത്വമസി’ സൂക്തം പുരുഷന്മാര്‍ക്ക് മാത്രമല്ല; വിശ്വാസങ്ങള്‍ മനുഷ്യ നന്മക്കാകണം

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: സ്ത്രീ സാന്നിധ്യമില്ലാത്ത അയ്യപ്പ സന്നിധാനം എങ്ങനെയാണ് പൂങ്കാവനമാകുന്നത്? വിശ്വാസപ്രമാണത്തില്‍ ഇവിടെ ഒരു പൂമ്പാറ്റകളും എത്തുന്നില്ല. പകരം ആകാശത്ത് ഗരുഡന്‍ വട്ടമിട്ട് പറക്കാറുണ്ട്. ഇത് രാജാധികാരത്തിന്‍ അടയാളവും ധിക്കാരവുമാണെന്ന് വിശ്വസിക്കേണ്ടി വരും. ആദിവാസി കാട്ടുജാതിക്കാരോടുള്ള അയ്യപ്പസ്‌നേഹം കാലാന്തരത്തില്‍ മറന്നുപോയ രാജനീതിയെ തള്ളിക്കളയണം. നിത്യ ബ്രഹ്മചര്യങ്ങളുടെ പേരില്‍ ശ്രീകോവിലില്‍ ഇരുകാലുകളും ബന്ധിച്ച് ബന്ധനസ്ഥനാക്കിയ പീഡനം ഏത് സദാചാരബോധമാണ്. ഏത് പൗരോഹിത്യ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്?സമൂഹത്തില്‍ ഉന്നത കുലജാതരുടെ ഇങ്കിതങ്ങള്‍ മഹാഭൂരിപക്ഷത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് മാറ്റം വരണം. വിശ്വാസികളുടെ അജ്ഞത മാറ്റണം. പണ്ട് ഒരു രാജസ്ത്രീക്ക് വയറുവേദന വന്നതും പുലിപ്പാലിന് കാട്ടില്‍ അയച്ചതും വിശ്വാസകഥകള്‍. വയറുവേദന  അഭിനയിച്ച് വളര്‍ത്തമ്മ ചതിച്ചുവെങ്കില്‍ ഇന്നും ഭക്തരായ സ്ത്രീകളെ ഉപയോഗിച്ച് ചിലര്‍ ചതികള്‍ നടത്തി വിശ്വാസചരിത്രം ആവര്‍ത്തിക്കുന്നു. അയ്യപ്പനെയും വാവരേയും വാളെടുപ്പിച്ച കൂട്ടായ്മയുടെ അതെ മിത്തുകള്‍ക്ക് സമാധാനസന്ദേശം നല്‍കുന്നതിലുള്ള മാനവികതയും വിസ്മരിക്കാവുന്നതല്ല.ശാസ്ത്രമാണ് ശരിയെങ്കില്‍. ആചാരാനുഷ്ഠാനങ്ങള്‍ ശാസ്ത്രത്തിലൂന്നി നിലനില്‍ക്കണം. മകരജ്യോതി ശാസ്ത്ര സത്യമാണെന്ന് സമ്മതിക്കാതിരിക്കാനാകുമോ? പണത്തില്‍ കണ്ണുവെക്കാതെ അയ്യപ്പനെ സേവിക്കാനും ഭക്തരുടെ ദക്ഷിണ വേണ്ടെന്ന് വെയ്ക്കാനും ശാന്തിക്കാര്‍ക്ക് കഴിയണം. നിയമപരമായ അധികാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. വിശ്വാസത്തിന് ആരും എതിരല്ല. ‘തത്വമസി’ സൂക്തം പുരുഷന്മാര്‍ക്ക് മാതമല്ല. വിശ്വാസങ്ങള്‍ മനുഷ്യ നന്മകള്‍ക്കാകണം.

0Shares