അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിക്കല്‍; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല: ടി.വി അനുപമ

  • Post category:news
  • Reading time:1 min read
You are currently viewing അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിക്കല്‍; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല: ടി.വി അനുപമ

തൃശ്ശൂര്‍: ശബരിമല അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ ടി.വി അനുപമ. ഈ കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

അയ്യപ്പന്‍ ജനങ്ങള്‍ക്ക് ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നും ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നുമുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ കളക്ടര്‍ ചട്ട ലംഘനനോട്ടീസ് നല്‍കിയത്.

താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്‍റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടില്ലെന്നും ആണ് സുരേഷ് ഗോപി നല്‍കിയ വിശദീകരണം. മാത്രമല്ല, താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, അയ്യന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമായിരുന്നു തുടര്‍ന്ന് ബി.ജെ.പി ക്യാമ്പില്‍ നിന്ന് വന്ന വിശദീകരണം.എന്നാല്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കളക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ വ്യക്തമാക്കിയിരുന്നു.

0Shares