
ന്യൂഡല്‍ഹി: അയോധ്യയില്‍ നിലനില്‍ക്കുന്ന ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെതാണ് ഉത്തരവ്. ഉത്തരവ് പ്രകാരം ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ശ്രീ ശ്രീ രവിശങ്കറും ശ്രീറാം പാഞ്ചുവും സംഘത്തിലുണ്ട്.

എന്നാല്‍ , മധ്യസ്ഥ സംഘത്തിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം കക്ഷികള്‍ നിര്‍ദേശിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖേഹാര്‍ എന്നിവരുടെ പേരുകളാണ് കോടതിയ്ക്ക് ഹിന്ദുമഹാസഭ നല്‍കിയത്. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യന്‍ ജോസഫിനെയും എ.കെ.പട്നായിക്കിനെയുമാണ് നിര്‍മോഹി അഖാഡ നിര്‍ദേശിച്ചത്.
അയോധ്യയിലെ തര്‍ക്കം മതപരവും വൈകാരികവുമായ വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷത്തിന്‍റെയും നിലപാട്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രിംകോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഈ മധ്യസ്ഥത നീക്കത്തിന് കോടതി മേല്‍ നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലിം കക്ഷികള്‍ അനുകുലിച്ചിരുന്നു.
