
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓരോരുത്തരും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗിയുടെ ആഹ്വാനം. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

അയോധ്യയില്‍ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും. സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്‍റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
