
പീതാംബരൻ കുറ്റിക്കോൽ
ഇരിയണ്ണി / കാസർകോട്: സമൂഹത്തിൽ നടമാടിയ അയിത്തത്തിനെതിരെ പന്തി ഭോജനം നടന്ന നാട്ടിൽ എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഇരിയണ്ണിക്കാർ. ജില്ലാ സ്കൂൾ കലോത്സവത്തിന് മൂന്ന് ദിവസവും പായസമുൾപ്പെടെ ഭക്ഷണം. മത്സരാർത്ഥികൾക്കും, വിധികർത്താക്കൾക്കും, ഔദോഗിക കൃത്യനിർവഹണം നടത്തുന്നവർക്കും, പോലീസുകാർക്കും, മാധ്യമ പ്രവർത്തകർക്കും കാണികൾക്കും ഉൾപ്പെടെ ഭക്ഷണം നൽകിയതും ഒരേ പന്തലിൽ പക്ഷഭേദം ഏതുമില്ലാതെയാണ്.

ലളിതം, സ്വാദിഷ്ടം, ഗംഭീരം… നല്ലരി ചോറും സാമ്പാറും അവിയലും അച്ചാറും പ്രഥമനും. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കൂപ്പൺ ആവശ്യമില്ല. രാവിലെ അപ്പവും ഉച്ചയ്ക്കും രാത്രിയും ചോറും കറിയും. നാട്ടുകാരും അടുക്കള അണിയറക്കാരും വിഭവങ്ങളൊരുക്കാൻ കൈയ്യും മെയ്യും മറന്ന് രംഗത്തിറങ്ങി. പയത്തിലെ വിഷ്ണു ഭട്ടും അനുജൻ രാമചന്ദ്ര ഭട്ടുമാണ് പാചകത്തിന് നേതൃത്വം നൽകിയത്. ഒന്നാം ദിവസം 8 കിന്റെലും രണ്ടാം ദിവസം 12 കിന്റെലും മൂന്നാം ദിവസം 13 കിന്റെലും അരിയാണ് അടുപ്പിൽ വേവിച്ച് എടുത്തത്. ഏകദേശം മുപ്പത്തി അയ്യായിരത്തോളം ആളുകൾക്ക് ഭക്ഷണം വിളമ്പിയതായി മുഖ്യ പാചകക്കാർ പറഞ്ഞു.

1960 കളിൽ ജാതി- ഉച്ച നീചത്വങ്ങൾക്കെതിരെ ഇരിയണ്ണി ബേപ്പിൽ കർഷക തൊഴിലാളികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നിച്ചുകൂടി എല്ലാ ജാതി- മതസ്ഥർക്കും ഭക്ഷണം വിളമ്പി സമരം ചെയ്തതും ചരിത്രമാണ്. അക്കാലത്ത് യാഥാസ്‌ഥിത്ഥിക വിഭാഗം മനുഷ്യരുടെ കൂട്ടായ്മകളെയും നവോത്ഥാനത്തെയും തള്ളിപറഞ്ഞിരുന്നുവെങ്കിലും പിൽകാലത്ത് തോളോട് തോൾ ചേർന്നു പ്രവർത്തിക്കാനും ജീവിക്കാനും മനുഷ്യ ബോധം പഠിപ്പിക്കുകയായിരുന്നു.
