
കൊച്ചി: രേവതി ഉള്‍പ്പെടെയുള്ളവര്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിര്‍പ്പ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ മലയാള ചലച്ചിത്ര കൂട്ടായ്മയായ അമ്മ ഭരണഘടന ഭേദഗതി ചെയ്യുന്നതു മരവിപ്പിച്ചു. സംഘടനയിലെ അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതുവരെയാണ് ഇത്. നേരത്തേ യോഗത്തില്‍ നിന്ന് ഡബ്ലു.സി.സി അംഗങ്ങളായ പാര്‍വതി തിരുവോത്തും രേവതിയും ഇറങ്ങിപ്പോയിരുന്നു. ഡബ്ലു.സി.സിയുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
അഭിപ്രായം പറയുന്നവരെ അച്ചടക്കനടപടിയിലൂടെ നേരിടുന്നതും എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്നും രേവതി യോഗത്തില്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും മാറ്റങ്ങളാണു പറഞ്ഞതെന്നും യോഗത്തിനുശേഷം സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍വതിയും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ ഭേദഗതികള്‍ വേണമെന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

‘സ്ത്രീകള്‍ക്കു ന്യായമായ സംവരണം എന്നത് ചാരിറ്റി സംഘടനകള്‍ പോലും ചെയ്യാറില്ല. പക്ഷേ ഞങ്ങള്‍ വിശാലമായ കാഴ്ചപ്പാടോടെ അതവതരിപ്പിച്ചു. മമ്മൂട്ടിയടക്കം ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചു.’- കെ.ബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. സംഘടനയില്‍ നിന്നു രാജിവെച്ചവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും. എന്നാല്‍ അവര്‍ ഇതുവരെ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
തിരിച്ചെത്തുന്നവരുടെ പക്കല്‍നിന്ന് അംഗത്വഫീസ് പോലും വാങ്ങിക്കരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് അറിയിച്ചു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായിട്ടില്ല. അതിനു നടപടിക്രമങ്ങളുണ്ട്. അവര്‍ക്കു വീണ്ടും വരാന്‍ കഴിയും. അവരെ ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.- മോഹന്‍ലാല്‍ പറഞ്ഞു.
