
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനമേറ്റ 7 വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. എന്നാല്‍, കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പറയാറായിട്ടില്ലന്ന് കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം വിലയിരുത്തി. തലച്ചോറിലേക്കുള്ള രക്തയോട്ടം 90% നിലച്ച കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിർദ്ദേശിച്ചപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു.
നിലവില്‍ മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും ഇപ്പോഴുള്ള ചികിത്സാ തുടരാനാണ് മെഡിക്കൽ സംഘം നൽകിയ നിർദ്ദേശം. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. പൂര്‍ണ്ണമായും രക്തത്തിൽ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്.

പക്ഷെ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ. പകടം സംഭവിച്ച കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തുകയും ഒപ്പം പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ ചോദ്യം ചെയ്തതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച മർദ്ദനവിവരം പുറംലോകമറിഞ്ഞത്.
ഇളയ ആണ്‍കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അതിക്രൂരമായിരുന്നു 7 വയസ്സുകാരന്റെ നേര്‍ക്ക് നടന്ന മര്‍ദ്ദനം. ആദ്യം ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. പിന്നീട്ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. കൂടാതെ പ്രതി അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ എട്ട് മാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളില്‍ ചേര്‍ത്തത്. ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. 2018 മെയ് മാസമാണ് ബിജു മരിച്ചത്.
