വാഷിങ്ടണ്‍: അമേരിക്കന്‍ ജനതക്ക് അവിസ്മരണീയമായ കാഴ്ച്ചാനുഭവമൊരുക്കി കഴിഞ്ഞ ഫെബ്രുവരി 28നാണ് വാന്‍കൂവറില്‍ ‘ട്രംപ് ടവര്‍’ പ്രവര്‍ത്തനം ആരംഭിച്ചത്. 69 നിലകളിലായി പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഡിസൈനിലാണ് ഈ പടുകൂറ്റന്‍ കെട്ടിടം പണിതിരിക്കുന്നത്. ഇതില്‍ ആറ് ഭൂഗര്‍ഭ നിലകളിലായി പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. പഴയകാല ഇംഗ്ലീഷ് സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളുടെ സങ്കേതം പോലെയൊരു ലുക് ആന്‍ഡ് ഫീല്‍ ആണ് പുറമെ നിന്ന് കെട്ടിടത്തിന്. 360 മില്യന്‍ ഡോളറാണ് നിര്‍മാണച്ചെലവ്. വാന്‍കൂവറിലെ രണ്ടാമത്തെ വലിയ കെട്ടിടമാണ് ഇപ്പോള്‍ ട്രംപ് ടവര്‍. 2009 ല്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ട്രംപ് ടവറിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ കൂടെയുണ്ടായിരുന്നു. വലിയ ജനകീയ പ്രതിഷേധങ്ങളാണ് ട്രംപിന്റെ കെട്ടിടത്തിനെതിരെ വാന്‍കൂവറില്‍ പലപ്പോഴായി അരങ്ങേറിയത്മുകള്‍ നിലകള്‍ കോടീശ്വരന്മാര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. താഴത്തെ 21 നിലകളിലായി 147 ഹോട്ടല്‍ മുറികളുണ്ട്. പ്രവേശനകവാടം ചെന്നെത്തുന്നത് ലോബിയിലേക്കല്ല, മറിച്ച് ബാറിലേക്കാണ്. ഇന്റീരിയര്‍ ലൈറ്റിങ് പ്രശാന്തസുന്ദരമായ ആംബിയന്‍സിനേക്കാള്‍ ബിസിനസ് മൂഡ് നിലനിര്‍ത്തുന്ന തരത്തിലാണ്. സ്വര്‍ണ ബ്ലോക്കുകള്‍ കൊണ്ട് തീര്‍ത്ത ഒതുങ്ങിയ ലോബി. ഭിത്തിയില്‍ മുന്തിയ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു

15,000 ചതുരശ്രയടിയില്‍ വിശാലമായ ഹാളും, കോണ്‍ഫറന്‍സ് മുറികളും ഒരുക്കിയിരിക്കുന്നു. 6000 ചതുരശ്രയടിയില്‍ ട്രംപിന്റെ മകള്‍ ഇവാങ്കയുടെ സ്പായും ഇവിടെ പ്രവര്‍ത്തിക്കുന്നു. വാന്‍കൂവറിലെ ആദ്യ പൂള്‍ബാറും നൈറ്റ് ക്ലബ്ബും ഇവിടെയാണ് തുടങ്ങിയിരിക്കുന്നത്.ഓക് തടി കൊണ്ടുള്ള വുഡന്‍ ഫ്‌ളോറിങ്ങാണ് കിടപ്പുമുറികള്‍ അലങ്കരിക്കുന്നത്. ബാത്റൂമില്‍ ഇറ്റാലിയന്‍ മാര്‍ബിളിന്റെ ആഡംബരം. വിഭവസമൃദ്ധമായ ഭക്ഷണശാല. രാത്രി ആഘോഷഭരിതമാക്കാന്‍ ഡാന്‍സ്ഫ്‌ളോറും പൂളും ക്ലബ്ഹൗസും. പരിസ്ഥിതി-ഊര്‍ജ സൗഹൃദ നിര്‍മിതിക്കുള്ള ലീഡ് സര്‍ട്ടിഫിക്കേഷന്‍ കെട്ടിടത്തിന് ലഭിച്ചിട്ടുണ്ട്. എന്തായാലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുമ്പോളും ജനങ്ങളെ ആകര്‍ഷിക്കാനായി വലിയ ഓഫറുകളാണ് ഇപ്പോള്‍ ട്രംപ് ടവറും ഹോട്ടലും നല്‍കുന്നത്.