അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 60 പേര്‍ മരിച്ചു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ അറിഞ്ഞിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധര്‍-അമൃത്സര്‍ എക്സ്പ്രസ് പാളത്തില്‍നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേര്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നു. അപകടം ഉണ്ടായപ്പോള്‍ തന്നെ തൊട്ടടുത്ത സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചെന്ന് ലോക്കോ പൈലറ്റ് വ്യക്തമാക്കി. ചടങ്ങ് സംഘടിപ്പിച്ചതില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
ട്രെയിന്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയോ ലെവല്‍ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷത്തില്‍ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നു.