
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. പ്രസംഗത്തിന്റെ പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിന് കാരണമായതെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിഭാഷയില്‍ തെറ്റുപറ്റിയിട്ടില്ല. കണ്ണന്താനം പരിഭാഷകനല്ല. ആ നിലയില്‍ അദ്ദേഹം എക്സ്പെര്‍ട്ട് അല്ല. ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു.
സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും ജനശക്തിയില്‍ ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി. ആചാരങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം വി.മുരളീധരന്‍ പരിഭാഷപ്പെടുത്തിയത്. സര്‍ക്കാരിനെ ജനം വലിച്ച് താഴെയിടുമെന്നാണ് പറഞ്ഞതെന്നും പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് വി.മുരളീധരന്‍ തന്നെ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമിത് ഷാ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ് വി.മുരളീധരന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പ്രസംഗിക്കുന്നത്.