ചെമ്മനാട്: അഭിനയത്തില്‍ പിതാവിന്റെ പാത സ്വീകരിച്ച രാംധ്രുവിന്‍ കൃഷ്ണയ്ക്ക് മോണോ ആക്ടില്‍ മിന്നുന്ന വിജയം. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് രാംധ്രുവിന്‍. പിതാവ് ജില്ലാ പോലീസ് ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസറായ കെ.പി രാമകൃഷ്ണന്റെ ശിഷ്യത്വത്തിലാണ് മോണോ ആക്ടില്‍ പരിശീലിച്ചുവന്നത്.
മികച്ച ഭാവാഭിനയം കൊണ്ട് സദസിന്റെ കൈയ്യടി നേടിയ ധ്രുവിന്‍ നേരത്തെ കേരളോത്സവത്തില്‍ മത്സരിച്ചിരുന്നു. നേരത്തെ നാടകത്തില്‍ ഉപജില്ലാ തലത്തില്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ബിന്ദുവാണ് മാതാവ്. രാമകൃഷ്ണന്‍ നാടകരംഗത്തും മറ്റ് കലാ രംഗത്തും സജീവമായിരുന്നു. നേരറിയാതെ എന്ന ഷോര്‍ട്ട് ഫിലിമും രാമകൃഷ്ണന്‍ സംവിധാനം ചെയ്തിരുന്നു. പിതാവും മകനും തന്നെയായിരുന്നു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്.