അഭയ കേസ് ഒരു തുടര്‍ക്കഥ! പ്രതികള്‍ക്ക് ഇന്നും കുശാല്‍…

  • Post category:news
  • Reading time:1 min read
You are currently viewing അഭയ കേസ് ഒരു തുടര്‍ക്കഥ! പ്രതികള്‍ക്ക് ഇന്നും കുശാല്‍…

കോട്ടയം: കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് തികയുന്നു. കേസിലെ പ്രതികള്‍ ഇന്നും സുഖമായി പുറത്തു കഴിയുന്നു! പ്രതികള്‍ക്ക് സി.ബി.ഐ.യുടെ തിരുവനന്തപുരത്തെ പ്രത്യേക കോടതി എട്ടുവര്‍ഷംമുമ്പ് കുറ്റപത്രം നല്‍കിയെങ്കിലും ഇതേവരെ വിചാരണ ആരംഭിച്ചിട്ടില്ല. രാജ്യത്തെ നീതിന്യായചരിത്രത്തില്‍ തീര്‍പ്പാക്കാതെ കൂടുതല്‍ക്കാലം നീണ്ടുപോയ കേസായും ഇത് മാറുകയാണ്. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷിച്ച് ആത്മഹത്യയാണിതെന്ന് റിപ്പോര്‍ട്ട് എഴുതി. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. അതേ തുടര്‍ന്ന് 1993-ല്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ മൂന്നുതവണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്ന് തവണയും റിപ്പോര്‍ട്ട് തള്ളിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പിന്നീട് തുടരന്വേഷണത്തിന് ഉത്തരവിട്ടു. അഭയ കൊല്ലപ്പെട്ടതാണെന്നും കേസ് ഡയറി പരിശോധിച്ച കോടതി നിരീക്ഷിച്ചു.

16 വര്‍ഷത്തിനുശേഷം 2008 നവംബര്‍ 18-ന് ഫാ.തോമസ് എം.കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ അറസ്റ്റിലായി. ഇവരെ നുണപരിശോധനയ്ക്കും വിധേയരാക്കി. പ്രതികളായ രണ്ട് വൈദികര്‍ കോണ്‍വെന്റില്‍ രാത്രിയില്‍ അതിക്രമിച്ചുകയറി അനാശാസ്യം നടത്തിയത് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ കണ്ടെന്നും ഇതുകൊലപാതകത്തിന് ഇടയാക്കിയെന്നുമാണ് എറണാകുളം സി.ജെ.എം.കോടതിയില്‍ സി.ബി.ഐ.നല്‍കിയ കുറ്റപത്രത്തിലുള്ളത്. 49 ദിവസം മൂന്ന് പ്രതികളും ജയിലില്‍കഴിഞ്ഞു. ഇപ്പോഴിവര്‍ ജാമ്യത്തിലാണ്. കുറ്റപത്രം നല്‍കിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. കേസിലെ വിവിധ വശങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ അഭയ കേസ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൂട്ടായ്മ നടത്തി. ‘നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യം’ എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി. 2011 ല്‍ തിരുവനന്തപുരത്ത് സി.ബി.ഐ.യുടെ പ്രത്യേക കോടതി തുടങ്ങി. അതേ തുടര്‍ന്ന് അഭയ കേസ് അങ്ങോട്ട് മാറ്റി. ഇക്കാലത്തിനിടയില്‍ പ്രത്യേക കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ മാറിവന്നു. ആര്‍ക്കും ഒരുവര്‍ഷത്തിലേറെ ഈ പദവിയിലിരിക്കാന്‍ സാധിച്ചില്ല.

0Shares