അബ്ദുൽ കലാമിന്‍റെ വസതിയിൽ പുല്ലാങ്കുഴൽ നാദവിസ്മയം തീർത്ത കലാകാരൻ; കാലങ്ങൾക്ക് ശേഷം പിറന്ന മണ്ണിലെത്തി

  • Post category:news
  • Reading time:2 mins read
You are currently viewing അബ്ദുൽ കലാമിന്‍റെ വസതിയിൽ പുല്ലാങ്കുഴൽ നാദവിസ്മയം തീർത്ത കലാകാരൻ; കാലങ്ങൾക്ക് ശേഷം പിറന്ന മണ്ണിലെത്തി

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: പുല്ലാങ്കുഴൽ കലാകാരൻ സംഗീതമൊരുക്കാൻ കാലങ്ങൾക്ക് ശേഷം പിറന്ന മണ്ണിൽ എത്തി. കുണ്ടംകുഴി സഹൃദയയുടെ കീഴിലുള്ള രവിവർമ്മ സ്കൂൾ ഓഫ് ആർട്സിന്‍റെ കലാവിരുന്നിലാണ് പ്രശസ്തനായ പവി കൃഷ്ണയും സംഘവും പുല്ലാങ്കുഴലിൽ മുരളീരവം ഒരുക്കിയത്. ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര മഹോത്സവത്തിനോട് അനുബന്ധിച്ച് ജനുവരി 13ന് രാത്രിയാണ് സംഗീത സന്ധ്യ അരങ്ങേറിയത്.

കുണ്ടംകുഴിയിൽ പഠിച്ചു വളർന്ന രാജ്യത്താകെ അറിയപ്പെടുന്ന പവി കൃഷ്ണ ഓടക്കുഴൽ വായനയിൽ വിദഗ്ധനാണ്. പിതാവ് കൃഷ്ണ ഭാഗവതർ വർഷങ്ങൾക്ക് മുൻപ് മദ്രാസിൽ നിന്നും സംഗീതത്തിലും, ഡാൻസിലും ബിരുദം കരസ്ഥമാക്കി. ഡോ.സക്കീർ ഹുസൈനിൽ നിന്നും സംഗീതപട്ടം കരസ്ഥമാക്കി ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി നോക്കി. തെയ്യം കലാകാരൻ കൂടിയായ അദ്ദേഹം ജോലി രാജി വെച്ച് നാട്ടിൽ തിരിച്ചുവന്ന് കുറേ വർഷം കുട്ടികൾക്ക് സംഗീതം പഠിപ്പിച്ചു.

കുണ്ടംകുഴി സ്കൂളിൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ് മുതൽ കലോത്സവ വേദികളിൽ  ലളിതഗാനം, മോണോ ആക്ട്, മിമിക്രി, നാടകം തുടങ്ങി മത്സരിച്ചതിലെല്ലാം ഒന്നാം സ്ഥാനം ലഭിച്ചു. തുടർച്ചയായി ഏറ്റവും നല്ല നടനുള്ള അംഗീകാരവും നേടിയിരുന്നു. കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിച്ച പവിത്രൻ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സംഗീത കോളേജിൽ വായ്പാട്ട് പഠനത്തിന് ചേർന്നെങ്കിലും പിന്നീട് അതൊഴിവാക്കി സ്വന്തം പ്രയത്നത്തിലൂടെ പുല്ലാംകുഴൽ വായനയിൽ കഴിവ് നേടിയെടുത്തു.

തിരുവനന്തപുരം സംഗീത കോളേജാണ് പവി കൃഷ്ണയെ അറിയപ്പെടുന്ന കലാകാരനാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചത്. കോവളത്ത് വിനോദ സഞ്ചാരികൾക്ക് പുല്ലാങ്കുഴൽ വായിച്ചുകൊണ്ട് സംഗീത ജീവിതം തുടങ്ങിയ ഈ കലാകാരൻ ഇന്ന് നിരവധി ഗാനമേള ട്രൂപ്പുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. പതിനാലുവർഷം സ്വരലയ ട്രൂപ്പിൽ വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു.

ഗാനഗന്ധർവ്വൻ യേശുദാസ്, എം.ജി ശ്രീകുമാർ, ജയചന്ദ്രൻ, ഉണ്ണി മേനോൻ, വിധു പ്രതാപ് എന്നിവരോടൊപ്പം വേദി പങ്കിട്ടു. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്‍റെ വസതിയിൽ സംഗീത വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ജീവിതത്തിൽ അവിസ്മരണീയമായ മുഹൂർത്തങ്ങളിൽ ഒന്നായി പവി കൃഷണ ഓർമ്മിക്കുന്നു.

കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടക ടീമിനോടൊപ്പം പ്രവർത്തിച്ചു. രാജ്യത്തിനത്തിനകത്തും ദുബായ്, ഷാർജ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും, കൈരളി, ഏഷ്യാനെറ്റ്, സൂര്യ, അമൃത തുടങ്ങിയ ചാനലുകളിലും മ്യൂസിക് ഫ്യൂഷൻ, സോളോ പരിപാടികൾ അവതരിച്ചു. തിരുവനന്തപുരം പൂജപ്പുരയിൽ താമസിക്കുന്ന പവി കൃഷ്ണ സ്വന്തമായി ഹംസധ്വനി എന്ന ബാൻഡ് രൂപീകരിച്ച്‌ പ്രോഗ്രാമുകൾ അവതരിപ്പിച്ചു വരികയാണ്. അച്ഛൻ ഏവർക്കും പ്രിയപ്പെട്ട കൃഷ്ണ ഭാഗവതരാണ്. അമ്മ ചെറുവത്തൂർ, കാരി സ്വദേശിനിയായ ശാന്ത നർത്തകിയും സംഗീത അധ്യാപികയുമായിരുന്നു. മൂത്ത ചേട്ടൻ അവനീന്ദ്രൻ അച്ഛനിൽ നിന്നും സ്വായത്തമാക്കിയ സംഗീതം അനുജനായ പവിത്രന് കുട്ടിക്കാലത്ത് പകർന്നു നൽകി സംഗീതത്തിന്‍റെ വഴിയിൽ നയിക്കുകയായിരുന്നു.

0Shares