അഫ്സലിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

  • Post category:news
  • Reading time:2 mins read
You are currently viewing അഫ്സലിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

കാസര്‍കോട്: ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ എന്തോ ദു:സൂചന പോലെ വലിയൊരു ശബ്ദം കേട്ടാണ് നായന്മാര്‍മൂല, പാണലം പ്രദേശവാസികള്‍ ഞെട്ടിയുണര്‍ന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് ആളുകള്‍ ഓടിക്കൂടി. നോക്കിയപ്പോള്‍ റോഡില്‍ ഒരു കാറും ലോറിയും കൂട്ടിയിടിച്ച നിലയില്‍. കാറിനകത്ത് ചോരയില്‍ മുങ്ങിക്കുളിച്ച് മൂന്ന് യുവാക്കള്‍ കുടുങ്ങി കിടക്കുന്നു. മുന്‍സീറ്റില്‍ രണ്ട് പേരും പിറകിലൊരാളും. ഓടിക്കൂടിയവര്‍ കാറിനകത്തുള്ള യുവാക്കളെ പുറത്തെടുക്കാന്‍ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഏറെ പാട്‌പെട്ടാണ് മൂവരെയും കാറിനകത്ത് നിന്ന് പുറത്തെടുത്തത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അപകടത്തില്‍പ്പെട്ട യുവാക്കളില്‍ ഒരാള്‍ എസ്.എഫ്.ഐയുടെ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റും സെക്രട്ടേറിയറ്റംഗവുമായ അഹമ്മദ് അഫ്‌സല്‍ (24)ആയിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫ്‌സലിന് ഒരു ഞരക്കം മാത്രമെയുണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥനയോടെ സുഹൃത്തുക്കളും ബന്ധുക്കളും തല്‍ക്ഷണം മംഗലാപുരത്തേക്ക് തിരിച്ചു.

അതിവേഗത്തിലാണ് ആംബുലന്‍സ് കുതിച്ചത്. പക്ഷേ പകുതി വഴിയില്‍ തന്നെ അഫ്‌സലിന്റെ അവസാന ശ്വാസം നിലച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഫ്‌സലിന്റെ മരണം സ്ഥിരീകരിച്ചതോടെ എല്ലാവരും തകര്‍ന്നു പോയി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അതേ ആംബുലന്‍സില്‍ തന്നെ അഫ്‌സലിന്റെ ചേതനയറ്റ ശരീരവുമായി സുഹൃത്തുക്കള്‍ തിരികെ കാസര്‍കോട്ടേക്ക് മടങ്ങി. അപ്പോഴേക്കും അപകട വാര്‍ത്തയും
അഫ്‌സലിന്റെ മരണ വിവരവും കാട്ടു തീ പോലെ കാസര്‍കോട് ജില്ല മുഴുവന്‍ പടര്‍ന്നിരുന്നു. എല്‍.ബി.എസ്. എഞ്ചിനിയറിംഗ്‌ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രിയ സുഹൃത്തിന്റെ ദാരുണമായ മരണം ഒരു ഞെട്ടലോടെയാണ് കലോത്സവ ലഹരിയില്‍ മുഴുകിയ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത്. ഇന്നലെ രാത്രി ഏറെ വൈകും വരെ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ നടത്തിപ്പില്‍ സജീവമായിരുന്ന സ്‌നേഹധനനായ പ്രിയ സുഹൃത്ത് തങ്ങളെ വിട്ട് പോയതറിഞ്ഞ് കൂട്ടുകാര്‍ വിങ്ങി പൊട്ടി.

രാത്രി ഏറെ വൈകിയതിനാല്‍ വീട്ടിലേക്ക് പോകാന്‍ വാഹനം കിട്ടാതെ വലഞ്ഞ അന്യദേശങ്ങളിലെ ചില കൂട്ടുകാരെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ കാറില്‍ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അഫ്‌സലിന്റെ ഭൗതിക ശരീരം സി.പി.എം.ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന് ആളുകളാണ് അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകി
എത്തിയത്.ബി.ടെക്‌ ബിരുദധാരിയായ അഹമ്മദ് അഫ്‌സല്‍ ജോലിയില്‍ ചേരുന്നതിന് ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, എല്ലാം ഒരു നിമിഷം കൊണ്ട് വിധി  തട്ടിതെറിപ്പിച്ചു.

0Shares