കോട്ടയം: അമിതമായ തോതില്‍ മരുന്ന് ഉള്ളില്‍ച്ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ഊരയ്ക്കനാട് ചാമക്കാലയില്‍ മാനുവല്‍- ടിയ ദമ്പതികളുടെ മകള്‍ റോസ് മേരിയാണ് മരിച്ചത്. കഴിഞ്ഞ 11 ന് പുലര്‍ച്ചെ ഉണര്‍ന്നു സംസാരിക്കുന്നതിനിടെ കുട്ടി തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് തോട്ടയ്ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രോഗകാരണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് കുട്ടിയുടെ മൂത്രം പരിശോധിച്ചപ്പോള്‍ അപസ്മാരത്തിനും മാനസിക രോഗത്തിനും കഴിക്കുന്ന മരുന്നുകള്‍ അമിത അളവില്‍ കുട്ടിയുടെ ഉള്ളില്‍ ചെന്നുവെന്ന് മനസ്സിലായി. എന്നാല്‍ വീട്ടില്‍ ഇത്തരം മരുന്നുകള്‍ ഇല്ലെന്നാണ് മാതാപിതാക്കള്‍ അറിയിച്ചത്. കുട്ടിയുടെ ആന്തരികാവയവങ്ങളും രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകളും തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. റിസല്‍ട്ട് വന്നതിനു ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് കറുകച്ചാല്‍ പോലീസ് അറിയിച്ചു.
