കാസര്‍കോട്: ചെര്‍ക്കളയില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍ പിടിയിലായി. കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശികളായ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി(35)യെ കല്ലുകൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയടക്കം രണ്ടു പേരാണ് അറസ്റ്റിലായത്. ജില്ലാപോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടത്തില്‍ വഹിച്ചിരുന്നത്. വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലിസാണ് അന്വേഷണം നടത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കളക്ക് സമീപം വി.കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഴുവരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്. രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തി. എന്നാല്‍ വാരിയെല്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസ് സര്‍ജനെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തുകയും ചെയ്തതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്. കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുങ്ങിയ അക്കണ്ടപ്പയും വിട്ടളയും കര്‍ണാടകയിലെ ബല്‍ഗാമില്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നു. അവിടെ ഉത്സവസ്ഥലത്തുനിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രംഗപ്പയും പ്രതികളും ചെര്‍ക്കളയില്‍ താമസിച്ച് കൂലിവേല ചെയ്തുവരികയായിരുന്നു. നഗരസഭയുടെ കരാര്‍ ജോലികളും ഏറ്റെടുത്ത് നടത്തിയിരുന്നു രംഗപ്പ ജീവിച്ചിരുന്നത്. ഓഗസ്റ്റ് ആറിനാണ് മൂവരും വി.കെ പറയില്‍ മദ്യപിക്കാനെത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ മദ്യത്തിന്റെ വിഹിതം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രംഗപ്പ വിഹിതം നല്‍കാതെ വന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പിന്നീട് കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. ഇടിയില്‍ വാരിയെല്ല് തകരുകയും ഹൃദയത്തിന് സാരമായ പരിക്കേറ്റതുമാണ് മരണത്തിന് കാരണമായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മാസങ്ങളായി രംഗപ്പയും പ്രതികളും കാസര്‍കോട്ടെ ലോഡ്ജിലാണ് താമസിച്ചിരുന്നത്.
അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റിലായി