കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും, ജില്ലയോട് റെയില്‍വെ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് നടത്തുന്ന നിരാഹാര സമരം റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വെയുടെ ജില്ലയോടുള്ള അവഗണന ജില്ലയിലെ ആയിരക്കണക്കിന് വരുന്ന യാത്രക്കാരോടുള്ള വഞ്ചനയാണെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാവങ്ങള്‍ക്കു വേണ്ടി ആരംഭിച്ചു എന്നവകാശപ്പെടുന്ന അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതിലൂടെ റെയില്‍വെ കാട്ടുന്നതെന്നും ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു.
ഡി.സി.സി സെക്രട്ടറിമാരായ കരുണ്‍ താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, വി.ആര്‍.വിദ്യാസാഗര്‍, ഹരീഷ്.പി.നായര്‍, പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമെദ്, സിജോ ചാമക്കാല, സംസ്ഥാന കമ്മിറ്റിയംഗം എം.പി.എം ഷാഫി, ഖാലിദ്, മണ്ഡലം പ്രസിഡണ്ടുമാരായ പുരുഷോത്തമന്‍ നായര്‍, ഹനീഫ് ചേരങ്കൈ, അച്ചുതന്‍ മുറിയനാവി, ജോണ്‍സണ്‍ കള്ളാര്‍, പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഉപദേശക സമിതി അംഗം ആര്‍.പി. പ്രശാന്ത്, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുനിസിപ്പല്‍ കൗണ്‍സിലര്‍ മുജീബ് തളങ്കര, പൊതുപ്രവര്‍ത്തകന്‍ രാജന്‍ കരിവെള്ളൂര്‍, കണ്ണന്‍ കരുവാക്കോട്, ഹാരിസ് പടന്നക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.