
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാസ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്കാര ജേത്രിയായ നടി സുരഭി ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍. സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും ക്ഷണപ്രകാരം വന്നവരല്ലെന്നും മത്സര വിഭാഗത്തില്‍ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ റൂള്‍സ് അനുവദിക്കാത്തതിനാലാണ് ‘ മിന്നാമിനുങ്ങ്’ മേളയില്‍ ഇല്ലാതെ പോയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട എന്ന് പറഞ്ഞുകൊണ്ട് നടന് ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.
ദേശീയ ചലച്ചിത്രോത്സവത്തിന് തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന് കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സുരഭി ആരോപിച്ചിരുന്നു. ദേശീയ പുരസ്കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള. മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെ ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ ചോദിച്ചു.
