
കാസർകോട്: മീഞ്ചപ്പദവ് ആൾക്കൂട്ട ആക്രമത്തിനിരയായ പരിസ്ഥിതി പ്രവർത്തകർക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ്. ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നാരോപിച്ച് മർദിച്ചെന്ന്‍ കാണിച്ച് പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ഉമേശൻ നൽകിയ പരാതിയിലാണ് പരിസ്ഥിതിപ്രവർത്തകൻ ഹർഷയ്ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരേ ആദൂർ പോലീസ് കേസെടുത്തത്. ആര്‍ക്കെതിരെ ആണെങ്കിലും പരാതി കിട്ടിയാൽ കേസെടുക്കാതിരിക്കാൻ കഴിയില്ലെന്നും അറസ്റ്റുൾപ്പെടെയുള്ള മേൽനടപടികൾ എസ്.പി., ഡിവൈ.എസ്.പി. അന്വേഷണം നടത്തിയശേഷം മാത്രമേ തീരുമാനിക്കൂവെന്ന് പോലീസ് അറിയിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ പട്ടികജാതി പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസ്. അതേസമയം ഹർഷയുടെ പരാതിയിൽ എതിർവിഭാഗത്തിനെതിരേ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യമില്ലാ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു, കൂട്ടം ചേർന്ന് ആക്രമിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹർഷയുടെ പരാതിയിൽ ബിനോ, ഭാസ്കരൻ മണിയാണി, അജിത്കുമാർ, പ്രദീപ്, ഇന്ദിര, ജയലക്ഷ്മി എന്നിവർക്കും കണ്ടാലറിയാവുന്നവർക്കുമെതിരേയാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യക്കായിരുന്നു കേസിനാസ്പദമായ സംഭവം. മീഞ്ചപ്പദവിലെ അനധികൃത ചെങ്കൽക്വാറികളെക്കുറിച്ച് അന്വേഷിക്കാൻ പോയ ഏഴംഗ പരിസ്ഥിതിസംഘത്തെ മൂന്നൂറോളം പേർ ചേർന്ന് അക്രമിക്കുകയായിരുന്നു.
