തിരുവനന്തപുരം: പാരിസ്ഥിതിക പ്രത്യേകതകള്‍ ലംഘിച്ച് മൂന്നാറില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ ശുപാര്‍ശ. നിയമസഭാ പരിസ്ഥിതി സമിതിയുടെതാണ് ശുപാര്‍ശ. വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയ പട്ടയ ഭൂമി കൃഷി ആവശ്യത്തിനല്ലാതെയാണ് ഉപയോഗിച്ചിട്ടുള്ളത് എങ്കില്‍ ആ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് ചട്ടം ലംഘിച്ച് മൂന്നാറില്‍ നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും പരിസ്ഥിതി സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത കെട്ടിട നിര്‍മ്മാണം തടയുന്നതില്‍ റവന്യു അധികൃതര്‍ പരാജയപ്പെട്ടെന്ന് പരിസ്ഥിതി സമിതി തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാര്‍ ദൗത്യത്തിന്റെ ബാക്കി പത്രമായി മാറും പരിസ്ഥിതി സമിതിയുടെ ഈ നിര്‍ദേശം.

പ്രാദേശിക രാഷ്ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് റിസോര്‍ട്ട് മാഫിയ നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഈ നിര്‍ദ്ദേശം തിരിച്ചടിയാകും. മലിനീകരണം തടയാനും മൂന്നാറിലേക്കെത്തുന്ന വിനോദയാത്രികരുടെ വാഹനങ്ങള്‍ നിയന്ത്രിക്കാനും കര്‍ശനമായ വ്യവസ്ഥകള്‍ വേണമെന്നും പരിസ്ഥിതി സമിതി അറിയിച്ചിട്ടുണ്ട്. കൂടാതെ മൂന്നാര്‍ മേഖലയില്‍ പുതുതായി യൂക്കാലിപ്‌സ് മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാനും മൂന്നാറിനു പ്രത്യേകമായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനുള്ളില്‍ രൂപീകരിക്കാനും നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മൂന്നാറിലെ ഭൂമി കൈയ്യേറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ചാണ് സമിതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. അതേ സമയം നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായപോലെ കേരള രാഷ്ട്രീയത്തില്‍ മൂന്നാര്‍ വീണ്ടും ചര്‍ച്ചാ വിഷയമാകും.