അധികൃതര്‍ കണ്ണു തുറന്നു; പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി; പാടിയിലെ കുടുംബങ്ങള്‍ക്ക് രണ്ടുമാസത്തിനകം പട്ടയം നല്‍കുമെന്ന് റവന്യൂ അധികൃതരുടെ ഉറപ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing അധികൃതര്‍ കണ്ണു തുറന്നു; പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി; പാടിയിലെ കുടുംബങ്ങള്‍ക്ക് രണ്ടുമാസത്തിനകം പട്ടയം നല്‍കുമെന്ന് റവന്യൂ അധികൃതരുടെ ഉറപ്പ്

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്ലിക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പിലെത്തിയത്. മെയ്മാസത്തിനകം 35 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ അധികൃതര്‍ ഉറപ്പു നല്‍കി. വില്ലേജിലെ ചില തിരക്കുകള്‍ കാരണമാണ് പട്ടയം നല്‍കുന്നത് വൈകിയതെന്നും മാര്‍ച്ച് മാസത്തിന് ശേഷം നടപടി വേഗത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ രവികുമാര്‍, തഹസില്‍ദാര്‍ നാരായണന്‍, വില്ലേജ് ഓഫിസര്‍ സുദേവന്‍, സമരസമിതി പ്രവര്‍ത്തകരായ ഗോപാലന്‍, സഞ്ചീവന്‍, ജോണ്‍സണ്‍, കെ ചന്ദ്രശേഖര ഷെട്ടി, സുധാകര വിദ്യാഗിരി, പ്രകാശ്, ബാബു, വിജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ചൂരിപ്പള്ളം, സാലത്തടുക്ക, നെല്ലിക്കട്ട ബിലാല്‍ നഗര്‍, ഗുരുനഗര്‍ തുടങ്ങിയിടങ്ങളിലെ 35 ഓളം കുടുംബങ്ങളാണ് രണ്ടുദിവസമായി നടത്തിയ സമരത്തില്‍ പങ്കെടുത്തത്തത്. 20 വര്‍ഷത്തോളമായി കൈവശ ഭൂമിയില്‍ വീട് കെട്ടി താമസിച്ചു വരികയാണ് ഇവര്‍. വീടുകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ അനുവദിച്ചിരുന്നു. വൈദ്യുതിയും റേഷന്‍ കാര്‍ഡും ലഭിച്ചിരുന്നു. എന്നിട്ടും അളന്ന് തിട്ടപ്പെടുത്തിയ ഭൂമിക്ക് ഇതുവരെയും പട്ടയം നല്‍കിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് റവന്യു മന്ത്രിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടയം നല്‍കാന്‍ വില്ലേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമര സമിതി രൂപീകരിച്ച് കുടുംബങ്ങള്‍ സമരത്തിനിറങ്ങിയത്.

0Shares