അത് കമലും വിജയ്‌യും അല്ല രജനിയാണ്; ബി.ജെ.പി നിര്‍ദേശത്തെത്തുടര്‍ന്ന് ഐ.ബി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തമിഴ് നാട് മുഖ്യമന്ത്രിയാവാന്‍ സാധ്യത രജനീകാന്തിന്

  • Post category:news
  • Reading time:1 min read
You are currently viewing അത് കമലും വിജയ്‌യും അല്ല രജനിയാണ്; ബി.ജെ.പി നിര്‍ദേശത്തെത്തുടര്‍ന്ന് ഐ.ബി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തമിഴ് നാട് മുഖ്യമന്ത്രിയാവാന്‍ സാധ്യത രജനീകാന്തിന്

പുറത്തുവന്ന ഐ.ബി റിപ്പോര്‍ട്ട് അനുസരിച്ച് സിനിമാക്കാര്‍ക്കിടയില്‍ നിന്നും അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത രജനീകാന്തിനാണെന്നു വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഐ.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആരാധകരുടെ പിന്തുണ കിട്ടുകയാണെങ്കില്‍ കമലിനെയും വിജയിയെയും പിന്തള്ളി രജനികാന്ത് തന്നെയാകും മുഖ്യമന്ത്രിയെന്നാണ് ഐ.ബി ഉറപ്പിക്കുന്നത്.

രാഷ്ട്രീയപാര്‍ട്ടിയുമായി എത്തുമെന്നു രജനീകാന്തും കമല്‍ ഹാസനും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടയ്ക്കു വിജയിയും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ എന്താകും സ്ഥിതിയെന്നു മനസിലാക്കാനാണു ബി.ജെ.പി നിര്‍ദേശത്തെത്തുടര്‍ന്ന് ഐ.ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ എ.ഐ.എ.ഡി.എം.കെയാണ് തമിഴ്നാട്ടില്‍ അധികാരത്തില്‍. ജയലളിതയുടെ പ്രചാരണ തന്ത്രങ്ങളും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് ഇതിനു സഹായിച്ചത്. എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പു നടന്നാല്‍ ഇതാകില്ല സ്ഥിതിയെന്നും ഐ.ബി ചൂണ്ടിക്കാട്ടുന്നു.

89 ശതമാനം ആളുകളും നിലവിലെ സര്‍ക്കാരില്‍ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഇ.പി.എസും ഒ.പി.എസും ദിനകരനുമടക്കമുള്ളവര്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇതിനിടയാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 80% ആളുകളും ഇനി അണ്ണാ ഡി.എം.കെയ്ക്ക് വോട്ടു ചെയ്യില്ലെന്നു വ്യക്തമാക്കി. എന്നാല്‍, മറുഭാഗത്ത് 49% ആളുകള്‍ മാത്രമാണ് ഡി.എം.കെ.യ്ക്ക് വോട്ടു ചെയ്യുമെന്ന് അറിയിച്ചത്. എന്നാല്‍, നിര്‍ണായകമായത് മറ്റൊന്നാണ്. രജനീകാന്തിനെപ്പോലെ ഒരാള്‍ രാഷ്ട്രീയത്തിലേക്കു വന്നാല്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. നാലു ശതമാനം ആളുകള്‍ കമല്‍ ഹാസനും ഒമ്പതു ശതമാനം ആളുകള്‍ വിജയ്ക്കും പിന്തുണ നല്‍കുമെന്ന് അറിയിച്ചപ്പോള്‍ 19% ആളുകളാണ് സ്റ്റൈല്‍ മന്നനെ പിന്തുണച്ചത്. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നിട്ടു പോലും അഞ്ചിലൊരാളുടെ പിന്തുണ രജനീകാന്തിനുണ്ട് എന്നതാണ് പ്രത്യേകത.

0Shares