
അണ്ണാ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സിന്‍റെ ഭാഗമായാണ് ഭഗവദ്ഗീത ചേര്‍ത്തിരിക്കുന്നത്. സിലബസിനു പുറമെ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസത്തിനുതകുന്ന വിഷയങ്ങളാണ് ഓഡിറ്റ് കോഴ്സിലുള്ളത്. ഈ വിഭാഗത്തിലാണ് സ്വാമി സ്വരൂപാനന്ദയുടെ ഭഗവദ്ഗീത വിവര്‍ത്തനം സര്‍വകലാശാല ഉള്‍പ്പെടുത്തിയത്.
സാങ്കേതിക വിദ്യാഭ്യാസ ദേശീയ കൗണ്‍സിലിന്‍റെ (എ.ഐ.സി.ടി.ഇ.) മാതൃകാ പാഠ്യപദ്ധതിപ്രകാരമാണ് സര്‍വകലാശാല ആറ് ഓഡിറ്റ് കോഴ്‌സുകള്‍ പുതുതായി ഏര്‍പ്പെടുത്തിയത്. ഇത് നിര്‍ബന്ധ പാഠ്യവിഷയമല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നും സര്‍വകലാശാല വൃത്തങ്ങള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസത്തിനും ജീവിതലക്ഷ്യം നേടുന്നതിനും ഗീതാ പഠനം ഉപകരിക്കുമെന്ന് സര്‍വകലാശാല പദ്ധതിയുടെ ലക്ഷ്യമായി പറയുന്നു. അതേസമയം, മറ്റു മതഗ്രന്ഥങ്ങള്‍ പരിഗണിക്കാതെ ഭഗവദ്ഗീത മാത്രം പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഹിന്ദുമതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആരോപിച്ചു. മതഗ്രന്ഥങ്ങള്‍ക്ക് പകരം തത്ത്വശാസ്ത്ര പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സര്‍വകലാശാല അധികൃതര്‍ ആരോപണങ്ങള്‍ തള്ളി. ചില കേന്ദ്രങ്ങള്‍ ഇത് വിവാദമാക്കുകയാണെന്നും അവര്‍ പറഞ്ഞു.
