
അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം താരങ്ങള്‍ തമ്മില്‍ തമ്മിലടി. ഗ്രൗണ്ടില്‍വെച്ച് ഇന്ത്യയുടേയും ബംഗ്ലാദേശിന്‍റെയും താരങ്ങളാണ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. അഞ്ചു താരങ്ങള്‍ക്കെതിരെ ഐ.സി.സി നടപടിയെടുത്തു. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്‍റെ മൂന്നു താരങ്ങള്‍ക്കും ഐ.സി.സി വിലക്കേര്‍പ്പെടുത്തി.
ഇന്ത്യന്‍ നിരയില്‍ രവി ബിഷ്ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍, റകീബുല്‍ ഹസന്‍ എന്നിവര്‍ക്കുമാണ് വിലക്ക്. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും. മത്സരത്തിന്‍റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.

മാച്ച് റഫറി ചുമത്തിയ കുറ്റം അഞ്ചു താരങ്ങളും അംഗീകരിച്ചതായി ഐ.സി.സി വ്യക്തമാക്കി. ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളില്‍നിന്നാണ് വിലക്ക്. ഷമിം ഹുസൈന് എട്ടു മത്സരങ്ങളും റകീബുല്‍ ഹസ്സന് നാല് മത്സരങ്ങളും നഷ്ടപ്പെടും. ഇന്ത്യന്‍ താരം ആകാശ് സിങ്ങിന് എട്ടു മത്സരങ്ങള്‍ നഷ്ടമാകും. എട്ടു സസ്പെന്‍ഷന്‍ പോയിന്റാണ് ആകാശ് സിങ്ങിന് ഐ.സി.സി ചുമത്തിയത്. ബംഗ്ലാദേശ് താരം അവിശേക് ദാസിന്റെ വിക്കറ്റെടുത്തപ്പോള്‍ അതിരുവിട്ട് ആഘോഷിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്ണോയിയെ അഞ്ചു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്.
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് കിരീടം നേടിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ലോകകിരീടം സ്വന്തമാക്കുന്നത്. ഈ വിജയിത്തിനുശേഷം ഗ്രൗണ്ടില്‍ നടന്ന ആഘോഷം ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇരുടീമുകളുടേയും താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി.
