
എതിരാളികളായ നാഗാലാന്‍ഡിനെ വെറും രണ്ട് റണ്‍സിന് ഓള്‍ ഔട്ടാക്കുക മാത്രമല്ല, ആദ്യ പന്തില്‍ തന്നെ തങ്ങളുടെ ബാറ്റിംഗില്‍ വിജയവും സ്വന്തമാക്കി കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ടീം സമാനതകള്‍ ഇല്ലാത്ത വിജയത്തിലേക്ക് കുതിച്ചു കയറി. ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ കേരള വനിതകള്‍ ആകെ വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രമാണ്. 18 പന്തുകള്‍ നേരിട്ട് 1 റണ്‍സെടുത്ത ഓപ്പണര്‍ മേനകയാണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള ഒരു റണ്‍സ് എക്സ്ട്രാ ഇനത്തിലാണ്. 17 ഓവറില്‍ 2 റണ്‍സിന് ഓള്‍ ഔട്ട്. ഇതാണ് നാഗാലാന്‍ഡ് ഇന്നിംഗ്സ് സ്‌കോര്‍ ബോര്‍ഡ്.

കേരളം ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ലഭിച്ച ആദ്യപന്ത് വൈഡ് ആയിരുന്നു. ഇതുവഴി ഒരു റന്‍സ് ലഭിക്കുകയും തുടര്‍ന്ന്, നിയമപ്രകാരം ഉള്ള ആദ്യ പന്തില്‍ ബൌണ്ടറി നേടി ജയം സ്വന്തമാക്കുകയും ചെയ്തു. നാലോവറില്‍ റണ്‍സൊന്നും വഴങ്ങാതെ നാല് വിക്കറ്റ് വീഴ്ത്തിയ മിന്നുമണിയാണ് കേരളത്തിന്റെ താരമായത്.
