
കൊച്ചി: ലോകമെങ്ങും തരംഗമായി മാറിയ അഡാര്‍ ലൗവിലെ വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിന്‍വലിക്കെണ്ടെന്ന തീരുമാനം എടുത്തതെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും പാട്ട് പിന്‍വലിക്കുന്നുവെന്നും വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് തീരുമാനം മാറ്റിയത്.

ചിത്രീകരണം പുരോഗണിക്കുന്ന ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവിലെ മാണിക്യമലരെയെന്ന വിവാദ ഗാനത്തെ ചൊല്ലി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസെടുക്കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ കേസിനെ നിയമപരമായി നേരിടുമെന്ന് ഒമര്‍ലുലു പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് ഇത്തരം നടപടികളെന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം . എന്നാല്‍ പിന്നീട് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുമായി കൂടിയാലേചന നടത്തിയ ശേഷം ആരുടെയും മതവികാരംവ്രണപ്പടുത്തുകയും വേദനിപ്പിക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ഗാനം യുട്യൂബില്‍ നിന്നും നീക്കം ചെയ്യുമെന്നും സംവിധായകന്‍ തന്നെ വ്യക്തമാക്കി. ഗാനം മതവികാരം വ്രണപെടുത്തുന്നുവെന്ന പരാതിയില്‍ ഒമര്‍ ലുലുവിനും നായിക പ്രിയക്കുമെതിരെ ഹൈദരബാദ് പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനുശേഷം ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. ഗാനത്തിനു ലഭിച്ച ജനപിന്തുണ മാനിക്കുന്നുവെന്നും അതിനാല്‍ ഗാനം പിന്‍വലിക്കേണ്ട എന്ന നിലപാട് തന്നെ സ്വീകരിക്കുന്നുവെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഒമര്‍ ലുലുവും അറിയിച്ചു.
