കാസര്‍കോട്: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ കേരളവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ ഉപവാസസമരം നടത്തുന്നു. കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന അനവശ്യ ഹര്‍ത്താലിനെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനും രാഷ്ട്രീയ കക്ഷികളെ പുനര്‍ചിന്തനത്തിന് വിധേയമാക്കുന്നതിനും വേണ്ടിയാണ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടേയും, പോഷക സംഘടനകളുടേയും കൂട്ടായ്മയില്‍ ഉപവാസത്തിനിരിക്കുന്നത്.

രാവിലെ 10 മണിമുതല്‍ ആരംഭിച്ച ഉപവാസസമരം വൈകിട്ട് അഞ്ചോടെ അവസാനിക്കും. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം ജോസ് തയ്യില്‍, ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മറ്റു ജില്ലാ ഭാരവാഹികളും വ്യാപാരികളും ഉപവാസ സമരത്തില്‍ പങ്കാളികളായി. അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളെയും അതിലേറെ പൊതുജനത്തെയും ഏറെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.