കാസര്‍കോട്: പൊതുജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി സംസ്ഥാനത്ത് നിരന്തരമണ്ടാകുന്ന ഹര്‍ത്താലിനെതിരെ ശക്തമായ സമര പരിപാടികളുമായി കാസര്‍കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി രംഗത്തിറങ്ങി. പ്രതിഷേധ സമരത്തിന്റെ ആദ്യ പടിയെന്ന നിലയില്‍ ഉപവാസ സമരം നടത്താനും, പിന്നീട് രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. കേരളത്തിലെ ഏതെങ്കിലും ജില്ലകളില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ സംസ്ഥാന വ്യാപകമായോ അല്ലെങ്കില്‍ ജില്ലയിലോ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ പൊതുജനത്തെയും വ്യാപാരികളെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ എന്നത് അവസാനത്തെ സമരായുധമായി കാണുന്നതിന് പകരം, ഒരു അനിഷ്ടസംഭവം നടന്നാല്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ രാഷ്ട്രീയ നിറം നല്‍കി ഉടനടി പ്രഖ്യാപിക്കുന്ന സമരമായി മാറിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

അനവശ്യ ഹര്‍ത്താലിനെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനും രാഷ്ട്രീയ കക്ഷികളെ പുനര്‍ചിന്തനത്തിന് വിധേയമാക്കുന്നതിനും വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടേയും, പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ മെയ് നാലിന് പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഒപ്പ് മരച്ചുവട്ടില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഉപവാസം നടത്തുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠനാണ് ഉപവാസം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ജന. സെക്രട്ടറി ജോസ് തയ്യില്‍, നാഗേഷ് ഷെട്ടി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ഹര്‍ത്താലിനെതിരെ ജില്ലാ കളക്ടര്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.