കൊച്ചി: ഇടപ്പള്ളിയില്‍ അഞ്ചുവയസുകാരിയെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസാണ് ഞായറാഴ്ച ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോള്‍ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്കു നിയന്ത്രിക്കാനായി കൈമാറിയത്. ഷിബുവിന്റെ സ്‌കൂട്ടറിന് പിന്നാലെയെത്തിയ വാഹനത്തിലുള്ളവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്റെ കോട്ടയം എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ വൈറലായതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇടപെടുകയായിരുന്നു. നിങ്ങളെന്ത് പോക്രിത്തരമാണ് കാണിക്കുന്നതെന്ന് എന്ന് കാറിലെ യാത്രക്കാര്‍ പിതാവിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് അവഗണിച്ച് വാഹനം ഓടിച്ച് പോകുകയായിരുന്നു. 
മറ്റു യാത്രക്കാരുടെ കൂടി ജീവന്‍ പന്താടുകയാണ് അയാള്‍ ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മട്ടാഞ്ചേരിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ ഷിബുവിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍.ടി. ഒ.യ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഒരു വര്‍ഷത്തേയ്ക്ക് ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ആര്‍.ടി.ഒ ഷാജി മാധവന്‍ പറഞ്ഞു. കൊച്ചു കുട്ടിയെ കൊണ്ട് സാഹസം നടത്തിയതിന് ഷിബുവിന് പോലീസ് നടപടി നേരിടേണ്ടി വരും. അഞ്ചു വയസുകാരി വാഹനം ഓടിക്കുന്നത് കുടുംബത്തിന് മാത്രമല്ല മറ്റ് യാത്രക്കാര്‍ക്കും ഭീഷണിയാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബൈക്കിന് മുന്നിലിരുത്തി യാത്ര ചെയ്യിപ്പിക്കരുതെന്നാണ് നിയമം.